Asianet News MalayalamAsianet News Malayalam

നിയമം ലംഘിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിച്ച് പൊലീസ്

അബുദാബി പൊലീസിന്റെ ഹാപ്പിനെസ് പട്രോള്‍ ടീമാണ് നിയമം പാലിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്താന്‍ റോഡിലിറങ്ങിയത്. വഴിയില്‍ കണ്ട ഡ്രൈവര്‍മാരുടെ ട്രാഫിക് റെക്കോര്‍ഡുകള്‍ പരിശോധിച്ച് നിയമലംഘനങ്ങളുണ്ടോയെന്ന് നോക്കി.

Abu Dhabi police distributes television sets for drivers who didnt committed traffic violations afe
Author
First Published Mar 25, 2023, 12:39 PM IST

അബുദാബി: നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിനൊപ്പം നിയമം പാലിക്കുന്നവരെ അനുമോദിക്കുക കൂടി ചെയ്യുകയാണ് അബുദാബി പൊലീസ്. കഴിഞ്ഞ ദിവസം അല്‍ ഐനിലെ 30 ഡ്രൈവര്‍മാര്‍ക്കാണ് സര്‍പ്രൈസ് സമ്മാനമായി  ടെലിവിഷന്‍ സെറ്റുകള്‍ നല്‍കി പൊലീസ് ഞെട്ടിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു ഗതാഗത നിയമലംഘനം പോലും നടത്തിയിട്ടില്ലാത്തവര്‍ക്കായിരുന്നു പൊലീസിന്റെ ഈ അനുമോദനം. പാര്‍ക്കിങ് ഫൈനുകള്‍ പോലും കിട്ടിയിട്ടില്ലാത്തവരെയാണ് പരിഗണിച്ചത്.

അബുദാബി പൊലീസിന്റെ ഹാപ്പിനെസ് പട്രോള്‍ ടീമാണ് നിയമം പാലിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്താന്‍ റോഡിലിറങ്ങിയത്. വഴിയില്‍ കണ്ട ഡ്രൈവര്‍മാരുടെ ട്രാഫിക് റെക്കോര്‍ഡുകള്‍ പരിശോധിച്ച് നിയമലംഘനങ്ങളുണ്ടോയെന്ന് നോക്കി. മൂന്ന് വര്‍ഷത്തെ ക്ലീന്‍ റെക്കോര്‍ഡുള്ളവര്‍ക്ക് കൈയോടെ ഓരോ ടെലിവിഷന്‍ സെറ്റുകളും കൊടുത്തുവിട്ടു. ഇതാദ്യമായാല്ല അബുദാബി പൊലീസിന്റെ ഇത്തരമൊരു നടപടി. ഈ മാസം തന്നെ സമാനമായ സമ്മാന വിതരണം നേരത്തെയും പൊലീസ് നടത്തിയിരുന്നു. 

റോഡില്‍ നല്ല ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കാനം നിരത്തുകള്‍ സുരക്ഷിതമാക്കാന്‍ റോഡുകളില്‍ നല്ല പ്രണതകള്‍ പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പൊലീസ് ആവിഷ്കരിച്ച 'യാ ഹഫിസ്' എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കിയതെന്ന് അല്‍ ഐന്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ മത്തര്‍ അബ്‍ദുല്ല അല്‍ മുഹൈരി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിയമലംഘങ്ങളൊന്നും നടത്തിയിട്ടില്ലാത്ത ഡ്രൈവര്‍മാരെ അദ്ദേഹം നേരിട്ട് അഭിനന്ദിക്കുകയും ചെയ്‍തു.

അപ്രതീക്ഷിതമായി വലിയ സമ്മാനം കിട്ടിയതിന്റെ ഞെട്ടലിലായിരുന്നു ഡ്രൈവര്‍മാരില്‍ പലരും. നിയമങ്ങള്‍ പാലിച്ചതിന് അനുമോദിക്കപ്പെട്ടതിലുള്ള സന്തോഷവും അഭിമാനവും അവര്‍ പങ്കുവെച്ചു. അല്‍ഐന്‍ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ലെഫ്. കേണല്‍ സഈദ് അബ്‍ദുല്ല അല്‍ കല്‍ബാനി, അല്‍ ഐന്‍ റീജ്യന്‍ സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ലെഫ്. കേണല്‍ ഉബൈദ് അല്‍ കാബി എന്നിവരും ഇതിന്റെ ഭാഗമായി.

ഡ്രൈവര്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അബുദാബി പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വീഡിയോ കാണാം...
 


Read also: ദുബൈയിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍; ശമ്പളം 50,000 ദിര്‍ഹം വരെ

Follow Us:
Download App:
  • android
  • ios