റോഡിലെ മഞ്ഞവര മറികടന്ന് റോഡ് ഷോള്‍ഡറിലൂടെ മറ്റൊരു വാഹനവുമായി തൊട്ടുചേര്‍ന്ന് മുന്നോട്ട് നീങ്ങുന്ന കാറാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
അബുദാബി: റോഡില്‍ തൊട്ടു മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നത് ഏറ്റവും പ്രാഥമികമായ മര്യാദകളിലൊന്നാണ്. ഇത് പാലിക്കാതിരിക്കുന്നത് മറ്റ് ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമെ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഇത്തരത്തിലൊരു അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പൊലീസ്.
റോഡിലെ മഞ്ഞവര മറികടന്ന് റോഡ് ഷോള്‍ഡറിലൂടെ മറ്റൊരു വാഹനവുമായി തൊട്ടുചേര്‍ന്ന് മുന്നോട്ട് നീങ്ങുന്ന കാറാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. പെട്ടെന്ന് ഈ വാഹനം തൊട്ടുമുന്നിലുള്ള കാറുമായി ഇടിക്കുകയും രണ്ട് വാഹനങ്ങളുടെയും നിയന്ത്രണം നഷ്ടമാവുകയും ചെയ്യുന്നത് കാണാം. നാല് വരികളില്‍ വാഹനങ്ങള്‍ കുതിച്ചുപായുന്ന തിരക്കേറിയ ഹൈവേയില്‍ വാഹനങ്ങള്‍ക്കിടയിലൂടെ രണ്ട് വാഹനങ്ങളും റോഡിന്റെ മറുവശത്തേക്ക് നീങ്ങുകയും കാറുകളിലൊന്ന് റോഡിലെ ബാരിയറുമായി കൂട്ടിയിടിക്കുകയും ചെയ്‍തു.
റോഡിലെ സുരക്ഷിത ഡ്രൈവിങ് ശീലങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കാന്‍ ലക്ഷ്യമിട്ട് അബുദാബി പൊലീസ് സമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് ഈ വീഡിയോ ക്ലിപ്പും പുറത്തുവിട്ടിട്ടുള്ളത്. സുരക്ഷിതമായ അകലം പാലിക്കാതെ വാഹനങ്ങള്‍ ഓടിക്കുന്നത് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊലീസ് ഓര്‍മിപ്പിക്കുന്നു.
Read also: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തീപിടുത്തം; മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു
