അബുദാബി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ പത്ത് പേരെ അബുദാബി പൊലീസ് രക്ഷപ്പെടുത്തി. മഴ ആസ്വദിക്കാനും മരൂഭുമിയിലെ തടാകം കാണാനും പുറപ്പെട്ട പത്തം​​ഗസംഘം ഒഴുക്കില്‍ പെടുകയായിരുന്നു. ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

മൂന്നു വാഹനങ്ങളിലായി പുറപ്പെട്ട പത്തം​ഗസംഘം സഞ്ചരിച്ച വാഹനം വാദി സായിലാണ് അപകടത്തിൽപ്പെട്ടത്. കുത്തി ഒഴുകുന്ന മഴ വെള്ളപ്പാച്ചിലില്‍ മുങ്ങി താഴ്ന്ന നിലയിലായിരുന്നു സംഘം. ഇവരെ രക്ഷപ്പെടുത്തുന്ന ചിത്രങ്ങൾ അബുദാബി പൊലീസ് ട്വിറ്ററിൽ‌ പങ്കുവച്ചിട്ടുണ്ട്. ജെസിബി ഉപയോ​ഗിച്ച് രണ്ടു പൊലീസുകാർ ആളുകളെ രക്ഷപ്പെടുത്തുന്ന ചിത്രങ്ങളാണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി യുഎയിൽ ശക്തമായി മഴ പെയ്യുകയാണ്. കാലാവസ്ഥാ വ്യതിയാനവും ശക്തമായ മഴയ്ക്കുള്ള സാധ്യതയും കണക്കിലെടുത്ത് യുഎഇയിലെ ഭൂരിഭാഗം സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ ഇലക്ട്രിക്ക് ലൈനുകള്‍ക്കും മരങ്ങള്‍ക്ക് സമീപവും തുറസ്സായ സ്ഥലങ്ങളിലും നില്‍ക്കരുതെന്നും പൊലീസും സിവില്‍ ഡിഫന്‍സ് അധികൃതരും ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.