റോഡില്‍ ഇടതു വശത്ത് നിന്ന് ഒന്നാമത്തെയും രണ്ടാമത്തെയും ലേനുകളിലാണ് ഈ കുറഞ്ഞ വേഗപരിധിയുള്ളത്. ഇതിലും കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ റോഡിലെ മൂന്നാമത്തെ ലേനിലേക്ക് മാറണം. അവിടെ കുറഞ്ഞ വേഗതയ്ക്ക് പരിധി നിജപ്പെടുത്തിയിട്ടില്ല. 

അബുദാബി: ഏപ്രില്‍ ഒന്നു മുതല്‍ അബുദാബിയിലെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ വാഹനങ്ങള്‍ പാലിക്കേണ്ട കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. നിലവില്‍‍ ഈ വേഗപരിധി പാലിക്കാത്തവര്‍ക്ക് നോട്ടീസുകള്‍ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ മേയ് ഒന്ന് മുതല്‍ കുറഞ്ഞ വേഗപരിധിയേക്കാള്‍ താഴ്‍ന്ന സ്‍പീഡില്‍ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 400 ദിര്‍ഹം വീതം പിഴ ഈടാക്കാന്‍ ആരംഭിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലെ പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററാണ്. കുറഞ്ഞ വേഗതയാവട്ടെ 120 കിലോമീറ്ററും. റോഡില്‍ ഇടതു വശത്ത് നിന്ന് ഒന്നാമത്തെയും രണ്ടാമത്തെയും ലേനുകളിലാണ് ഈ കുറഞ്ഞ വേഗപരിധിയുള്ളത്. ഇതിലും കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ റോഡിലെ മൂന്നാമത്തെ ലേനിലേക്ക് മാറണം. അവിടെ കുറഞ്ഞ വേഗതയ്ക്ക് പരിധി നിജപ്പെടുത്തിയിട്ടില്ല. ഹെവി വാഹനങ്ങള്‍ റോഡിന്റെ ഏറ്റവും അവസാന ലേനാണ് ഉപയോഗിക്കേണ്ടതെന്നും അത്തരം വാഹനങ്ങള്‍ക്ക് കുറഞ്ഞ വേഗപരിധി ബാധകമല്ലെന്നും അബുദാബി പൊലീസ് അറിയിച്ചിട്ടുണ്ട്.

ഒന്നാമത്തെയും രണ്ടാമത്തെയും ലേനുകളില്‍ മണിക്കൂറില്‍ 120 കിലോമീറ്ററില്‍ താഴെ വേഗതയില്‍ വാഹനം ഓടിക്കുന്നവരില്‍ നിന്ന് മേയ് ഒന്ന് മുതല്‍ 400 ദിര്‍ഹം പിഴ ഈടാക്കി തുടങ്ങും. ഡ്രൈവര്‍മാര്‍ ഇത് സംബന്ധിച്ചുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ അഹ്‍മദ് സൈഫ് ബിന്‍ സൈത്തൂന്‍ അല്‍ മുഹൈരി പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മിനിമം വേഗത കൂടി നിജപ്പെടുത്തിയിരിക്കുന്നത്. ലേനുകള്‍ മാറുന്നതിന് മുമ്പ് മറ്റ് വാഹനങ്ങള്‍ അടുത്തില്ലെന്ന് ഉറപ്പുവരുത്തണം. ഒപ്പം എപ്പോഴും മറ്റ് വാഹനങ്ങളുമായി ഒരു സുരക്ഷിത അകലം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read also:  മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കും; സൗദി നല്‍കുന്നത് പൂര്‍ണസഹകരണമെന്ന് മന്ത്രി വി. മുരളീധരൻ