Asianet News MalayalamAsianet News Malayalam

അപകട സ്ഥലത്ത് ഇങ്ങനെ കൂട്ടം കൂടരുത്; വീഡിയോ പുറത്തുവിട്ട് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

അപകട സ്ഥലത്തുനിന്നുള്ള ഒരു വീഡിയോ ദൃശ്യം പുറത്തുവിട്ടുകൊണ്ടാണ് അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയത്. 

Abu dhabi police warns against crowding at accident sides
Author
Abu Dhabi - United Arab Emirates, First Published Sep 14, 2021, 1:44 PM IST

അബുദാബി: റോഡപകടങ്ങളുണ്ടാവുന്ന സ്ഥലത്ത് പൊതുജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. അപകടമുണ്ടായ ഉടന്‍ പരിസരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുകയും ആളുകള്‍ കൂടി നില്‍ക്കുകയും ചെയ്യുന്നതുവഴി പൊലീസിനും ആംബുലന്‍സിനും സ്ഥലത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് പരിഗണിച്ചാണ് ഇത്തരമൊരു മുന്നറിയിപ്പ്. അവശ്യ സര്‍വീസ് വാഹനങ്ങളുടെ വഴി തടസപ്പെടുത്തുന്ന തരത്തില്‍ കൂട്ടം കൂടുന്നത് 1000 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്.

അപകട സ്ഥലത്തുനിന്നുള്ള ഒരു വീഡിയോ ദൃശ്യം പുറത്തുവിട്ടുകൊണ്ടാണ് അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയത്. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായ ഉടന്‍ ആളുകള്‍ തങ്ങളുടെ വാഹനങ്ങള്‍ റോഡില്‍ തോന്നിയ പോലെ നിര്‍ത്തിയിട്ട ശേഷം അപകട സ്ഥലത്തേക്ക് ഓടി വരുന്നതാണ് വീഡിയോയിലുള്ളത്. ഇത് സ്ഥലത്ത് ഗതാഗത തടസമുണ്ടാക്കുന്നതിന് പുറമെ പൊലീസ് വാഹനത്തിന് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്‍തു. 

അപകട സ്ഥലത്തെത്തിയ പലരും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലുമാണ്. ഇതും നിയമ നടപടികള്‍ ക്ഷണിച്ചുവരുത്താവുന്നൊരു കുറ്റകൃത്യമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അപകട സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിഴയ്‍ക്ക് പുറമെ ജയില്‍ ശിക്ഷയും ലഭിക്കും.  പരിക്കേല്‍ക്കുന്നവര്‍ക്ക് എത്രയും വേഗം മാനുഷികമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ വേണ്ടിയാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും അത്യാവശ്യ സര്‍വീസുകളായ പൊലീസ്, ആംബുലന്‍സ് എന്നിവയുടെ വഴി തടസപ്പെടുത്തുന്ന പ്രവണതകളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios