അബുദാബി: യുഫെസ്റ്റ് നാലാം പതിപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികള്‍ക്ക് സമാപനമായി. യുഎഇയിലെ ഏറ്റവും വലിയ സ്കൂള്‍ കലേത്സവത്തിനാണ് വെള്ളിയാഴ്ച അബുദാബിയില്‍ തിരിതെളിയുന്നത്. ഓരോ സീസണിലും ഒട്ടേറെ പുതുമകളുമായാണ് യുഫെസ്റ്റ് മത്സരാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും മുന്നിലെത്തുന്നത്.

സോളോ സിനിമാറ്റിക് ഡാന്‍സും പാട്ടുമടക്കം ഇക്കുറി മുപ്പത്തിനാല് ഇനങ്ങളിലായിട്ടാണ് മത്സരങ്ങള്‍. കലോത്സവത്തിന്‍റെ മുന്നോടിയായി സംഘടിപ്പിച്ച 'പത്തു ദിനം ഇരുപതു സ്കൂളുകള്‍' എന്ന പ്രചാരണ കാമ്പയിന് റാസല്‍ഖൈമയില്‍ സമാപനമായി. മൂന്ന് മേഖലാതലങ്ങളിലായിട്ടാണ് ഇത്തവണ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

സൗത്ത് സോണ്‍ മത്സരങ്ങള്‍ ഈ മാസം 15, 16 ദിവസങ്ങളില്‍ അബുദാബി ഷൈനിംഗ് സ്റ്റാര്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലും, 29 30 തിയതികളില്‍, സെന്‍ട്രല്‍ സോണ്‍ മത്സരങ്ങളും, നോര്‍ത്ത് സോണ്‍ മത്സരങ്ങള്‍ക്ക് ഡിസംബര്‍ ഒന്ന് രണ്ട് തിയതികളില്‍ റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളും വേദിയാകും.

ഡിസംബര്‍ അഞ്ച്, ആറ് തിയതികളില്‍ ഷാര്‍ജ അമിറ്റി സ്കൂളിലാണ് ഗ്രാന്‍റ് ഫൈനല്‍. കപ്പ് നിലനിര്‍ത്താന്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളും കിരീടം തിരിച്ചുപിടിക്കാന്‍ റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളും കടുത്ത പരിശീലനത്തിലാണ്. അവസാന മത്സരദിവസം നാട്ടിലേതിന് സമാനമായ രീതിയില്‍ മത്സരാര്‍ത്ഥികള്‍ക്കും സദസിനും ഭീമന്‍ സദ്യയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.