Asianet News MalayalamAsianet News Malayalam

സിനോഫാം കൊവിഡ് വാക്സിന് യുഎഇ അംഗീകാരം നല്‍കി; അബുദാബിയില്‍ പൊതുജനങ്ങള്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ചു

കൊവിഡ് വൈറസ് ബാധയ്‍ക്കെതിരെ 86 ശതമാനം ഫലപ്രാപ്‍തി വാക്സിനുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാക്സിന്‍, ആന്റിബോഡിയെ നിര്‍വീര്യമാക്കുന്ന സെറോകണ്‍വര്‍ഷന്‍ നിരക്ക് 99 ശതമാനമാണെന്നും രോഗത്തിന്റെ ഗുരുതരാവസ്ഥ പ്രതിരോധിക്കുന്നതില്‍ 100 ശതമാനം ഫലപ്രാപ്തി വാക്സിനുണ്ട്. ഗുരുതരമായ മറ്റ് സുരക്ഷാ പ്രശ്നങ്ങളൊന്നും വാക്സിനുള്ളതായി കണ്ടെത്തിയിട്ടുമില്ല.

Abu Dhabi residents can register to get covid vaccine as it get approved by authorities
Author
Abu Dhabi - United Arab Emirates, First Published Dec 9, 2020, 10:08 PM IST

അബുദാബി: ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ യുഎഇയില്‍ ഉപയോഗിക്കാന്‍ അനുമതി. സിനോഫാമിന്റെ അപേക്ഷ പ്രകാരം യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം ബുധനാഴ്‍ചയാണ് രജിസ്‍ട്രേഷന്‍ പ്രഖ്യാപിച്ചത്. മാസങ്ങളായി യുഎഇയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തിവന്നിരുന്ന വാക്സിനാണ് സിനോഫാമിന്റേത്.  

മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലം യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യ വകുപ്പും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കൊവിഡ് വൈറസ് ബാധയ്‍ക്കെതിരെ 86 ശതമാനം ഫലപ്രാപ്‍തി വാക്സിനുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാക്സിന്‍, ആന്റിബോഡിയെ നിര്‍വീര്യമാക്കുന്ന സെറോകണ്‍വര്‍ഷന്‍ നിരക്ക് 99 ശതമാനമാണെന്നും രോഗത്തിന്റെ ഗുരുതരാവസ്ഥ പ്രതിരോധിക്കുന്നതില്‍ 100 ശതമാനം ഫലപ്രാപ്തി വാക്സിനുണ്ട്. ഗുരുതരമായ മറ്റ് സുരക്ഷാ പ്രശ്നങ്ങളൊന്നും വാക്സിനുള്ളതായി കണ്ടെത്തിയിട്ടുമില്ല.

ജൂലൈയിലാണ് മൂന്നാം ഘട്ട പരീക്ഷണം യുഎഇയില്‍ ആരംഭിച്ചത്. 120 രാജ്യങ്ങളില്‍ നിന്നുള്ള 31,000 പേര്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിനെടുത്തത്. അബുദാബി ആസ്ഥാനമായ ജി42 ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനവുമായി ചേര്‍ന്നായിരുന്നു നടപടികള്‍. പിന്നീട് കൊവിഡ് മുന്‍നിര പോരാളികള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മന്ത്രാമാര്‍ക്കും ഭരണാധികാരികള്‍ക്കും വാക്സിനെടുക്കാന്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. 

വാക്സിന് അംഗീകാരം നല്‍കിയതോടെ പൊതുജനങ്ങള്‍ക്കും ഇനി ഇത് ലഭ്യമാകും. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെ (സേഹ) 80050 എന്ന നമ്പറില്‍ വിളിച്ച് വാക്സിനെടുക്കാനുള്ള അപ്പോയിന്റ്മെന്റ് വാങ്ങാം. സേഹയുടെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ക്ലിനിക്കുകളിലും വാക്സിന്‍ ലഭിക്കും. ആദ്യ ഡോസെടുത്ത ശേഷം 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. കോള്‍ സെന്ററില്‍ വിളിക്കുമ്പോള്‍ എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്‍കണം. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നതോടെ സേഹ കോള്‍സെന്ററില്‍ നിരവധി കോളുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios