20,000ത്തിൽ കൂടുതല്‍ തൊഴിലവസരങ്ങളാണ് യുഎഇ തലസ്ഥാനത്ത് അടുത്ത പത്ത് വര്‍ഷത്തില്‍ ലൈഫ് സയന്‍സ് മേഖലയില്‍ പ്രതീക്ഷിക്കുന്നത്. 

അബുദാബി: യുഎഇയില്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ലൈഫ് സയന്‍സ് മേഖലയില്‍ 20,000 തൊഴിലവസരങ്ങളാണ് അബുദാബി സൃഷ്ടിക്കാനൊരുങ്ങുന്നത്. 

2035ഓടെ അബുദാബിയുടെ ജിഡിപിയില്‍ 10,000 കോടി ദിര്‍ഹത്തിലേറെ സംഭാവന ചെയ്യുമെന്നും 20,000ത്തിലേറെ തൊഴിലവസരങ്ങള്‍ ലൈഫ് സയന്‍സ് രംഗത്ത് സൃഷ്ടിക്കുമെന്നും അബുദാബി എക്സിക്യൂട്ടീവ് കൗൺസില്‍ അംഗവും അബുദാബി ആരോഗ്യ വിഭാഗം ചെയര്‍മാനുമായ മന്‍സൂര്‍ അല്‍ മന്‍സൂരി പറഞ്ഞു. 'അബുദാബി ഫിനാന്‍സ് വീക്കി'ലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സൂക്ഷ്മാണുക്കള്‍ , ചെടികള്‍, മൃഗങ്ങള്‍, മനുഷ്യര്‍ എന്നിവയുള്‍പ്പെടുന്ന ജീവജാലങ്ങളെയും ജീവിതി പ്രക്രിയകളെയും കുറിച്ചുള്ള പഠനമാണ് ലൈഫ് സയന്‍സ്. ബയോളജി, അനാട്ടമി, ആസ്ട്രോബയോളജി, ബയോടെക്നോളജി എന്നിങ്ങനെ നാല് അടിസ്ഥാന ശാഖകളും ധാരാളം മറ്റ് ശാഖകളും ലൈഫ് സയന്‍സിനുണ്ട്. 2024ല്‍ 25 ശതമാനത്തിലേറെ സ്ഥാപനങ്ങള്‍ 180ലേറെ ക്ലിനിക്കല്‍ പഠനങ്ങളുമായി അബുദാബിയിലെ ലൈഫ് സയന്‍സിനെ സജീവമാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also -  സന്തോഷ വാർത്ത വൈകില്ല, ഈ വൻകിട രാജ്യത്തേക്ക് ഇന്ത്യക്കാർക്ക് വിസയില്ലാതെ ഉടൻ യാത്ര ചെയ്യാനാകും

'ഞങ്ങളെ സംബന്ധിച്ച് ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യമുള്ള ഒരു ജനത സാമൂഹിക നന്മ ഉറപ്പാക്കുകയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇന്ധനമാകുകയും ചെയ്യും. ഏറ്റവും ബുദ്ധിപരവും കാര്യക്ഷമവുമായ സംവിധാനം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്'- അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമുള്ള ജനത, മികച്ച ഇന്‍-ക്ലാസ് സേവനങ്ങള്‍, അത്യാധുനിക സാങ്കേതിക വിദ്യകള്‍ എന്നീ മൂന്ന് പ്രധാന കാര്യങ്ങളിലൂടെയാണ് ആരോഗ്യമുള്ള ജീവിതരീതി വാര്‍ത്തെടുക്കുന്നതെന്നും അല്‍ മന്‍സൂരി പറഞ്ഞു. അബുദാബി, ലോകത്തിലെ ഏറ്റവും വലിയ ജനിതകഘടന പദ്ധതി പൂര്‍ത്തിയാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വീക്ഷണങ്ങള്‍ അതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുന്ന സ്ഥലമാണ് അബുദാബിയെന്നും അല്‍ മന്‍സൂരി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം