അബുദാബി: കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ള എല്ലാവര്‍ക്കും പരിശോധന സൗജന്യമാക്കിയതായി അബുദാബി ആരോഗ്യ വിഭാഗം(ഡിഒഎച്ച്)അറിയിച്ചു. വയോധികര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കും കൊവിഡ് പരിശോധന സൗജന്യമായിരിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ എമിറേറ്റിലുള്ള ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും പരിശോധന നടത്താം.

മറ്റുള്ളവരില്‍ നിന്ന് കൊവിഡ് പരിശോധനയ്ക്കായി 370 ദിര്‍ഹം ഈടാക്കും. കൊവിഡ് പരിശോധന വ്യാപകമാക്കി കൂടുതല്‍ ആളുകള്‍ക്ക് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. കൊവിഡ് ലക്ഷണമുള്ളവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും പരിശോധനയ്ക്കായി മുമ്പോട്ട് വരണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.  

അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയ്ക്ക് കീഴില്‍ 13 ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങളാണുള്ളത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരോട് ക്വാറന്‍റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കും. സേഹയ്ക്ക് കീഴില്‍ വിവിധ എമിറേറ്റിലുള്ള കേന്ദ്രങ്ങളില്‍ പരിശോധിക്കേണ്ടവര്‍ 800 1717 ടോള്‍ ഫ്രീ നമ്പരിലോ സേഹ മൊബൈല്‍ ആപ്ലിക്കേന്‍ വഴിയോ ബുക്കിങ് നടത്താം.