അബുദാബി: എമിറേറ്റിലെ എല്ലാ സാമ്പത്തിക, വിനോദ സഞ്ചാര, സാംസ്‌കാരിക, വിനോദ പ്രവര്‍ത്തനങ്ങളും രണ്ടാഴ്ചക്കുള്ളില്‍ സാധാരണ നിലയില്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍. ഇതിനായി അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി ബന്ധപ്പെട്ട വകുപ്പുകളുമായി നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും കുറഞ്ഞ കൊവിഡ് നിരക്ക് നിലനിര്‍ത്തുന്നതിനുമായി നടപ്പിലാക്കിയ മുന്‍കരുതല്‍ നടപടികളുടെ വിജയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കമെന്ന് അബുദാബി ഗവണ്‍മെന്റ് മീഡിയ ഓഫീസ് ബുധനാഴ്ച അറിയിച്ചു. എല്ലാ സാമ്പത്തിക, വിനോദ സഞ്ചാര, സാംസ്‌കാരിക, വിനോദ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും പുനരാരംഭിക്കുമെന്നും അതേസമയം നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അബുദാബി മീഡിയ ഓഫീസ് ട്വീറ്റില്‍ അറിയിച്ചു.