സാമൂഹികക്ഷേമ ആനുകൂല്യങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സമൂഹത്തെ ആവശ്യമില്ലെന്നാണ് അബുദാബി സാമൂഹിക വികസന വിഭാഗം ചെയർമാൻ ഡോ. മുഗീർ അൽ ഖൈലി പറഞ്ഞത്.  നിലവില്‍ അവിവാഹിതരായ സ്വദേശികള്‍ക്ക് 6000 ദിര്‍ഹമാണ് സര്‍ക്കാര്‍ തൊഴിലില്ലായ്മാ വേതനം നല്‍കുന്നത്. 

അബുദാബി: സ്വദേശികള്‍ക്ക് വരുമാനം അടിസ്ഥാനമാക്കിയുള്ള സാമൂഹിക ക്ഷേമ പദ്ധതിക്ക് അബുദാബി ഭരണകൂടം അടുത്ത വര്‍ഷം മുതല്‍ തുടക്കം കുറിക്കും. ജോലി ലഭിച്ചിട്ടും അത് ചെയ്യാൻ സന്നദ്ധരല്ലാത്ത സ്വദേശികൾക്ക് തൊഴിൽരഹിതർക്കുള്ള ആനുകൂല്യം റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മാത്രമായി സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തും.

സാമൂഹികക്ഷേമ ആനുകൂല്യങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സമൂഹത്തെ ആവശ്യമില്ലെന്നാണ് അബുദാബി സാമൂഹിക വികസന വിഭാഗം ചെയർമാൻ ഡോ. മുഗീർ അൽ ഖൈലി പറഞ്ഞത്. നിലവില്‍ അവിവാഹിതരായ സ്വദേശികള്‍ക്ക് 6000 ദിര്‍ഹമാണ് സര്‍ക്കാര്‍ തൊഴിലില്ലായ്മാ വേതനം നല്‍കുന്നത്. വിവാഹിതര്‍ക്കും ആശ്രിതര്‍ ഉള്ളവര്‍ക്കും ഇതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ കുറച്ച് പണം കൂടി അധികം ലഭിക്കുന്നതിനായി എന്തിന് ജോലി ചെയ്യണമെന്ന ചിന്തയാണ് പല സ്വദേശികള്‍ക്കും ഉള്ളതെന്ന് ഡോ. മുഗീർ അൽ ഖൈലി പറഞ്ഞു.

മൂന്ന് ജോലികള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കും. ഇതില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും സ്വീകരിക്കണം. അല്ലാത്തവര്‍ക്ക് പിന്നെ ആനുകൂല്യങ്ങള്‍ ലഭ്യമാവില്ല. ജനങ്ങളെ കർമനിരതരാക്കി സ്വയംപര്യാപ്തത കൈവരിക്കാൻ പ്രേരിപ്പിക്കുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. നിലവില്‍ എത്രപേര്‍ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ വാങ്ങുന്നുണ്ടെന്ന വിവരങ്ങള്‍ അധികൃതര്‍ ഉടന്‍ പുറത്തുവിടും. 2013ലെ കണക്ക് അനുസരിച്ച് 39,000 പേര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. 2011ല്‍ ഇത് 25,300 ആയിരുന്നു.

10,000 ദിര്‍ഹമാണ് സ്വദേശികളുടെ മിനിമം വേതനമായി അബുദാബി ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഉയര്‍ന്ന വരുമാനവും കുറഞ്ഞ ജോലി സമയവും മാത്രമുള്ള സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ സ്വദേശികള്‍ തയ്യാറാണെങ്കിലും സ്വകാര്യ മേഖലയോട് വിമുഖത കാണിക്കുന്നു. ആരോഗ്യകരമായ ശരീരവും മനസുമുള്ള ഒരാള്‍ ജോലി ചെയ്യുന്നത് സമൂഹത്തോടും സ്വന്തത്തോടും ചെയ്യുന്ന കുറ്റകൃത്യമാണെന്ന യുഎഇ സ്ഥാപകന്‍ ശൈഖ് സായിദിന്റെ വാക്കുകളും ഡോ. മുഗീർ അൽ ഖൈലി എടുത്തുപറഞ്ഞു. എന്നാല്‍ തൊഴിലെടുക്കാനാവാത്ത വിധം ശാരീരിക അവശതകളുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നവർക്കു തുടർന്നും ആനുകൂല്യം ലഭ്യമാകും. വീട്ടമ്മമാരെയും ശാരീരിക അവശതകളുള്ളവരെയും ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.