അബുദാബി: അബുദാബി ടോള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരില്‍ നിന്ന് തിരക്കില്ലാത്ത സമയങ്ങളില്‍ പിഴ ഈടാക്കില്ലെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ അറിയിച്ചു. രാവിലെ ഏഴു മുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയുമുള്ള തിരക്കേറിയ സമയങ്ങളില്‍ മാത്രമേ 4 ദിര്‍ഹം വീതം ടോള്‍ ഈടാക്കുകയുള്ളൂവെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.

തിരക്കില്ലാത്ത സമയങ്ങളില്‍ ടോള്‍ ഗേറ്റ് വഴി കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് പണം ഈടാക്കില്ല. തിരക്കില്ലാത്ത സമയങ്ങളിലും രണ്ട് ദിര്‍ഹം വീതം ടോള്‍ ഈടാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു. ടോള്‍ സിസ്റ്റത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വാഹനങ്ങള്‍ തിരക്കില്ലാത്ത സമയങ്ങളില്‍ ടോള്‍ ഗേറ്റ് വഴി കടന്നുപോയാലും പിഴ ഈടാക്കില്ലെന്ന് യുഎഇയിലെ അല്‍ ഇത്തിഹാദ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

തിരക്കേറിയ സമയങ്ങളില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഐടിസി വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. 100 ദിര്‍ഹമാണ് രജിസ്ട്രേഷന്‍ ചാര്‍ജ്. ഇതില്‍ 50 ദിര്‍ഹം ടോള്‍ അക്കൗണ്ട് ബാലന്‍സായി തിരികെ കിട്ടും. വെബ്‍സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വരികയോ അല്ലെങ്കില്‍ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലെത്തുന്നവരോ ആണെങ്കില്‍ തിരക്കില്ലാത്ത സമയങ്ങളിലേക്ക് യാത്ര പുനഃക്രമീകരിച്ചാല്‍ പിഴ ഒഴിവാക്കാനാവും. അബുദാബിയിലെ ടോള്‍ ഗേറ്റുകള്‍ ഇതിനോടകം പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. 2020, ജനുവരി രണ്ട് മുതല്‍ ഇവിടങ്ങളില്‍ ടോള്‍ പിരിവ് ആരംഭിക്കും.