യു ടേണ്‍ എടുക്കുന്നതിനായി വാഹനം തിരിച്ചയുടനെ വേഗത്തിലെത്തിയ എസ് യു വി കാറില്‍ ഇടിക്കുകയായിരുന്നു. കാര്‍ രണ്ടായി തകര്‍ന്നു.
ജോര്‍ദാന്‍: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ജോര്‍ദാനിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോര്‍ദാനിലെ സര്‍ഖയില്‍ ചെറിയ പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും പ്രിന്‍സ് ഫൈസല്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
എസ് യു വി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകായിരുന്നു. അപകടത്തില്‍ മരിച്ചയാള്‍ ഓടിച്ചിരുന്ന വാഹനം ഹൈവേയിലൂടെ പോകുകയായിരുന്നു. പെട്ടെന്ന് ഇയാള്‍ യു ടേണ്‍ എടുത്തു. എന്നാല്‍ യു ടേണ്‍ എടുക്കുന്നതിനായി വാഹനം തിരിച്ചയുടനെ വേഗത്തിലെത്തിയ എസ് യു വി കാറില്‍ ഇടിക്കുകയായിരുന്നു. കാര്‍ രണ്ടായി തകര്‍ന്നു. അപകടത്തില്‍ രണ്ട് പേരാണ് മരണപ്പെട്ടത്.
