ഒരു എഞ്ചിനീയര്‍ക്ക് കീഴില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ഒരു ദിവസം ജോലിക്കിടെ ഒരു ഇലക്ട്രിസിറ്റി ബോക്സ് തുറന്ന് പരിശോധിക്കാന്‍ എഞ്ചിനീയര്‍ ആവശ്യപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു.
അബുദാബി: യുഎഇയില്‍ ജോലിക്കിടെ ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവിന് ആറ് ലക്ഷം ദിര്‍ഹം (1.35 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. ജോലി ചെയ്യിപ്പിച്ച കമ്പനിയും നിര്‍ദേശം നല്‍കിയ എഞ്ചിനീയറും ചേര്‍ന്ന് ഈ തുക നല്‍കണമെന്നാണ് അബുദാബി പ്രാഥമിക കോടതിയുടെ വിധി. ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിച്ചുണ്ടായ പരിക്കില്‍ യുവാവിന്റെ മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
അബുദാബിയില്‍ ജോലി ചെയ്തിരുന്ന ഒരു വെല്‍ഡറാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഒരു എഞ്ചിനീയര്‍ക്ക് കീഴില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ഒരു ദിവസം ജോലിക്കിടെ ഒരു ഇലക്ട്രിസിറ്റി ബോക്സ് തുറന്ന് പരിശോധിക്കാന്‍ എഞ്ചിനീയര്‍ ആവശ്യപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഈ സമയം ബോക്സിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നില്ല. പരിശോധിക്കുന്നതിനിടെ ബോക്സ് പൊട്ടിത്തെറിക്കുകയും മുഖത്തും ശരീരത്തിലും വലത് കൈയിലും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്‍തു.
ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ നിന്നും എഞ്ചിനീയറില്‍ നിന്നും 30 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരവും പണം നല്‍കുന്ന ദിവസം വരെ 12 ശതമാനം പലിശയും ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. ഇയാളുടെ മുഖത്തും കഴുത്തിലും നെഞ്ചിലും കൈകകളിലും പൊള്ളലേറ്റുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും വ്യക്തമാക്കി. കേസ് വിശദമായി പരിശോധിച്ച ശേഷം കമ്പനിയും എഞ്ചിനീയറും ചേര്‍ന്ന് ആറ് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
Read also: ആളുമാറി അക്കൗണ്ടിലെത്തിയ വന്‍തുക തിരിച്ചു കൊടുക്കാന്‍ വിസമ്മതിച്ചു; യുഎഇയില്‍ ഇന്ത്യക്കാരന് ശിക്ഷ
