മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ റോബോട്ടിക്സ് വിഭാ​ഗം പ്രൊഫസർമാരാണ് ഈ എഐ റോബോട്ടിനെ നിർമിച്ചത്

അബുദാബി : യുഎഇയിലെ സ്ട്രോബറി പാടങ്ങളിൽ ഇനി എഐ റോബോട്ടുകൾ വിലസും. പഴുത്ത സ്ട്രോബറികൾ തിരിച്ചറിഞ്ഞ് കേടുപാടുകൾ കൂടാതെ പറിച്ചെടുക്കാനും വെയിൽ നിറഞ്ഞ പാടങ്ങൾ മുതൽ ഹരിതഗൃഹങ്ങളിൽ വരെ പ്രവർത്തിക്കാനും കഴിയുന്ന എഐ റോബോട്ടുകളെ നിർമിച്ച് യുഎഇ. സ്ട്രോബറി പിക്കർ ബോട്ട് പ്രോജക്ട് എന്നതാണ് ഈ പദ്ധതി. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ റോബോട്ടിക്സ് വിഭാ​ഗം പ്രൊഫസർമാരാണ് ഈ എഐ റോബോട്ടിനെ നിർമിച്ചത്. അതി നൂതന സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് കാർഷിക മേഖലയെ പിന്തുണക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. 

റോബോട്ടിൽ ഉയർന്ന റെസല്യൂഷനുള്ള ക്യാമറകളും സെൻസറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇത് നിറം, വലുപ്പം, ആകൃതി തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കി പഴുത്ത സ്ട്രോബെറിയെയും പഴുക്കാത്തതും കേടായതുമായ സ്ട്രോബെറിയെയും തിരിച്ചറിയും. റോബോട്ടിന്റെ കൈകളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസിറ്റീവ് ​ഗ്രിപ്പർ ഉപയോ​ഗിച്ചാണ് സ്ട്രോബെറി പറിച്ചെടുക്കുന്നത്. റോബോട്ടിലെ ഓട്ടോണമസ് നാവി​ഗേഷൻ ചെടികൾക്കിടയിലൂടെ പോകുന്നതിനും വഴിയിലെ തടസ്സങ്ങൾക്കനുസരിച്ച് വഴി ക്രമീകരിക്കാനും അനുവദിക്കും. 

read more: സൂക്ഷിച്ചില്ലേൽ പണി കിട്ടും, ദുബായ് എമിറേറ്റ് ചിഹ്നം ദുരുപയോ​ഗം ചെയ്താൽ 5 വർഷം തടവും 5 ലക്ഷം ദിർഹം പിഴയും

മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി മുഴുവൻ സമയവും പ്രവർത്തിക്കാൻ ഇത്തരം റോബോട്ടുകൾക്ക് സാധ്യമാണ്. സ്ട്രോബറിക്ക് പുറമെ, തക്കാളി, ആപ്പിൾ എന്നിവയും തിരിച്ചറിഞ്ഞ് കേടുപാടുകൾ കൂടാതെ പറിച്ചെടുക്കാൻ എഐ റോബോട്ടുകൾക്ക് കഴിയുമെന്ന് റോബോട്ടിക്സ് വിഭാ​ഗം പ്രൊഫസർ ഡെഷെൻ സോങ് പറഞ്ഞു.