പാര്‍ട്ണര്‍ വിസയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് ഇദ്ദേഹം യുഎഇയിലെത്തിയത്. 8,000 ദിര്‍ഹം(1.6 ലക്ഷം ഇന്ത്യന്‍ രൂപ)ആണ് യാത്രക്കായി ചെലവഴിച്ചത്. 

ദുബൈ: യുഎഇയിലേക്ക് ഇന്ത്യക്കാരുടെ മടക്കം അനിശ്ചിതത്തില്‍ തുടരുന്ന പശ്ചാത്തലത്തില്‍ എയര്‍ അറേബ്യയില്‍ ഷാര്‍ജയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത് മലയാളി. പ്രവാസി വ്യവസായി മലപ്പുറം തിരൂര്‍ അല്ലൂര്‍ സ്വദേശി മുഹമ്മദ് തയ്യിലാണ് കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പറന്നത്. 

ഗള്‍ഫിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എഎകെ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒ ആണ് മുഹമ്മദ് തയ്യില്‍. പാര്‍ട്ണര്‍ വിസയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് ഇദ്ദേഹം യുഎഇയിലെത്തിയത്. 8,000 ദിര്‍ഹം(1.6 ലക്ഷം ഇന്ത്യന്‍ രൂപ)ആണ് യാത്രക്കായി ചെലവഴിച്ചത്. ഒരേയൊരു യാത്രക്കാരനായതിനാല്‍ വിമാനത്താവളത്തിലും വിമാനത്തിലും മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന് മുഹമ്മദലി പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഗോള്‍ഡന്‍ വിസ, സിവില്‍ വിസ, പാര്‍ട്ണര്‍ വിസ എന്നിവയുള്ളവര്‍ക്ക് നിയന്ത്രണങ്ങളോടെ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 25 മുതലാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona