ഇന്ത്യയടക്കമുള്ള വിവിധ സെക്ടറുകളിലേക്ക് മികച്ച നിരക്കിളവുകളാണ് ബജറ്റ് എയര്‍ലൈന്‍ ലഭ്യമാക്കുന്നത്.

ഷാര്‍ജ: ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി ഷാര്‍ജ ആസ്ഥാനമാക്കിയുള്ള ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ. ബലിപെരുന്നാളും സ്കൂള്‍ അവധിയും ആഘോഷിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഏറെ ഗുണകരമാണ് ഈ ഓഫര്‍. ആകര്‍ഷകമായ ഓഫറുകളാണ് എയര്‍ അറേബ്യ പ്രഖ്യാപിച്ചത്.

ഇന്ത്യ, അര്‍മേനിയ, ഈജിപ്ത്, ഒമാൻ, ലെബനോന്‍, സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകളിലാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. ഓഫര്‍ ജൂൺ രണ്ട് വരെയാണ് പ്രാബല്യത്തിലുള്ളത്. നിരക്കിളവ് ലഭിക്കുന്നതിനായി ജൂൺ 2നുള്ളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് എയര്‍ലൈന്‍ യാത്രക്കാരെ അറിയിച്ചു. യുഎഇയില്‍ നിന്നുള്ള സര്‍വീസുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക് 129 ദിര്‍ഹമാണ് ( 2,988 ഇന്ത്യൻ രൂപ). ഈ ടിക്കറ്റുകള്‍ ജൂൺ 1 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള യാത്രക്ക് ഉപയോഗിക്കാം. ഇനി വെറും ഏഴ് ദിവസം കൂടി മാത്രമാണ് ഓഫര്‍ പ്രാബല്യത്തിലുള്ളത്.

ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 299 ദിര്‍ഹം ആണ് (6,927 ഇന്ത്യൻ രൂപ). യുഎഇയിൽ നിന്ന് ഒമാനിലേക്ക് 129 ദിര്‍ഹവും ബഹ്റൈനിലേക്ക് 149 ദിര്‍ഹവും കുവൈത്തിലേക്കും സൗദി അറേബ്യയിലേക്കും 149 ദിര്‍ഹവുമാണ് ഓഫര്‍. ഇറാന്‍, ജോര്‍ദാന്‍, ലെബനോന്‍ എന്നിവിടങ്ങളിലേക്ക് 199 ദിര്‍ഹം ആണ് ഓഫര്‍. ഇന്ത്യ, അര്‍മേനിയ, അസര്‍ബൈജാന്‍, ഈജിപ്ത്, ഇന്ത്യ, ഇറാഖ്, കസാഖിസ്ഥാൻ, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് 299 ദിര്‍ഹം ആണ് എയര്‍ അറേബ്യയുടെ ഓഫര്‍. അതേസമയം ഉസ്ബസ്കിസ്ഥാനിലേക്ക് 359 ദിര്‍ഹവും തുര്‍ക്കിയിലേക്ക് 379 ദിര്‍ഹവും ജോര്‍ജിയയിലേക്ക് 399 ദിര്‍ഹവുമാണ് നിരക്ക്. കസാഖിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും 499 ദിര്‍ഹവും നേപ്പാളിലേക്ക് 499 ദിര്‍ഹവും ഗ്രീസിലേക്ക് 549 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം