എയർ അറേബ്യയുടെ കോഴിക്കോട്-റാസൽഖൈമ പ്രതിദിന വിമാന സർവീസ് പുനരാരംഭിക്കുന്നു. ഒക്ടോബർ 16 മുതലാണ് നോൺ-സ്റ്റോപ്പ് സർവീസുകൾ വീണ്ടും ആരംഭിക്കുന്നത്. നിലവിൽ റാസൽഖൈമയിൽ നിന്ന് കെയ്റോ, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ തുടങ്ങിയ നഗരങ്ങളിലേക്ക് എയർ അറേബ്യ സർവീസ് നടത്തുന്നുണ്ട്.

റാസൽഖൈമ: മലബാറിലെ പ്രവാസികൾക്ക് ആശ്വാസമായി കോഴിക്കോടിനും റാസൽഖൈമയ്ക്കും ഇടയിൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകൾ പുനരാരംഭിക്കാൻ ബജറ്റ് എയർലൈനായ എയർ അറേബ്യ . ഒക്ടോബർ 16 മുതലാണ് നോൺ-സ്റ്റോപ്പ് സർവീസുകൾ വീണ്ടും ആരംഭിക്കുന്നത്.

യുഎഇയിലെ റാസൽഖൈമയെയും കേരളത്തിലെ തീരദേശ നഗരമായ കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ഡയറക്ട് കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എയർ അറേബ്യ ഗ്രൂപ്പ് സിഇഒ ആദിൽ അൽ അലി പറഞ്ഞു. ഇരു നഗരങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ സൗകര്യപ്രദവും ലാഭകരവുമായ യാത്രാ ഓപ്ഷനായിരിക്കുമെന്നും യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ റാസൽഖൈമയിൽ നിന്ന് കെയ്റോ, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ തുടങ്ങിയ നഗരങ്ങളിലേക്ക് എയർ അറേബ്യ സർവീസ് നടത്തുന്നുണ്ട്. ഈ ശൃംഖലയിലേക്കാണ് ഇപ്പോൾ കോഴിക്കോടും വീണ്ടും എത്തുന്നത്. എയർ അറേബ്യ വെബ്‌സൈറ്റ്, കോൾ സെന്റർ, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി കോഴിക്കോട്-റാസൽഖൈമ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.