ദോഹ: ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാന സര്‍വ്വീസുകള്‍ നടത്താന്‍ ഖത്തറും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടി. ഒക്ടോബര്‍ 31 വരെയാണ് കരാര്‍ നീട്ടിയതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതിനിടെ സാധാരണ രീതിയില്‍ സര്‍വ്വീസുകള്‍ ആരംഭിക്കുകയാണെങ്കില്‍ അതുവരെയാകും കരാര്‍ കാലാവധിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചിത വ്യവസ്ഥകളോടെ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസിനുള്ള എയര്‍ ബബിള്‍ കരാര്‍ ഓഗസ്റ്റ് 18 മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഓഗസ്റ്റ് 31നായിരുന്നു മുമ്പ് നിശ്ചയിച്ച പ്രകാരം കരാര്‍ അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതാണ് ഇപ്പോള്‍ ഒക്ടോബര്‍ 31 വരെ നീട്ടിയത്.

കരാര്‍ പ്രകാരം നിലവില്‍ ഇന്ത്യന്‍ വിമാന കമ്പനികളും ഖത്തര്‍ എയര്‍വേയ്‌സും ഇരുരാജ്യങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്നുണ്ട്. ഖത്തര്‍ വിസയുള്ള ഏതൊരു ഇന്ത്യക്കാരനും ഖത്തറിലേക്ക് മടങ്ങാം. ഖത്തരി പൗരന്‍മാര്‍ക്കും രാജ്യത്തേക്ക് തിരികെ പോകാം. ആകെയുള്ള സീറ്റുകള്‍ ഇന്ത്യന്‍ വിമാന കമ്പനികളും ഖത്തര്‍ എയര്‍വേയ്‌സും പങ്കുവെച്ചാണ് സര്‍വ്വീസ് നടത്തുന്നത്.