കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് ശക്തമായ സുരക്ഷാ പരിശോധന. നിരവധി പേര്‍ അറസ്റ്റിലായി. അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു പച്ചക്കറി ഗോഡൗണും ലൈസൻസില്ലാത്ത ഒരു ബാർബർ ഷോപ്പും റെസ്റ്റോറന്‍റും ഇറച്ചിക്കടയും അധികൃതർ അടപ്പിച്ചു.
കുവൈത്ത് സിറ്റി: പൊതുസുരക്ഷയും നിയമക്രമവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് ആഭ്യന്ത്രരമന്ത്രാലയം വ്യാപകമായ സുരക്ഷാ പരിശോധന നടത്തി. അപ്രതീക്ഷിതമായി നടത്തിയ ഈ പ്രത്യേക സുരക്ഷാ ഓപ്പറേഷനിൽ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്തു.
അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു പച്ചക്കറി ഗോഡൗണും ലൈസൻസില്ലാത്ത ഒരു ബാർബർ ഷോപ്പും റെസ്റ്റോറന്‍റും ഇറച്ചിക്കടയും അധികൃതർ അടപ്പിച്ചു. അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്ന ഒരാളെയും തെരുവ് കച്ചവടം ചെയ്തവരെയും വിവിധ കേസുകളുമായി ബന്ധമുള്ള മൂന്ന് പേരെയും കണ്ടെത്തി അറസ്റ്റ് ചെയ്തു. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം രണ്ട് പേരെ നാടുകടത്തിയതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. രാജ്യവ്യാപകമായി ഇത്തരം ശക്തമായ പരിശോധനകൾ തുടരുമെന്നും, നിയമലംഘകരെയും ഒളിവിലുള്ള പ്രതികളെയും പിടികൂടാൻ ആഭ്യന്തര മന്ത്രാലയം കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.


