24 രൂപയ്ക്ക് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാവുന്ന ഓഫറാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് പ്രഖ്യാപിച്ചത്. പരിമിതകാലത്തേക്കാണ് ഈ ഓഫര്‍. ഈ മാസം 31നകം ബുക്ക് ചെയ്യുകയും നവംബർ 30നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ സൗകര്യം.
ദുബൈ: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് ആകർഷകമായ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 10 കിലോഗ്രാം അധിക ബാഗേജ് വെറും 1 ദിർഹത്തിന് (24 ഇന്ത്യൻ രൂപ) കൊണ്ടുപോകാം.
പരിമിതകാലത്തേക്കാണ് ഈ ഓഫര്‍. ഈ മാസം 31നകം ബുക്ക് ചെയ്യുകയും നവംബർ 30നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ സൗകര്യം. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും വാങ്ങുന്ന ടിക്കറ്റുകൾക്ക് ഈ ഓഫർ ബാധകമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മാത്രമേ ഈ ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കൂ. ടിക്കറ്റ് എടുത്ത ശേഷം ഇത് ചേർക്കാൻ കഴിയില്ല. ഉത്സവ സീസണിൽ നാട്ടിലേക്ക് പോകുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാക്കാന്‍ വേണ്ടിയാണ് ഈ ഓഫറെന്ന് എയർലൈൻ അറിയിച്ചു.
‘വെറും ഒരു ദിർഹമിന്റെ അധിക ബാഗേജ് ഓഫറിലൂടെ ഗൾഫിലെ ഞങ്ങളുടെ വിശ്വസ്തരായ യാത്രക്കാർക്ക് യാത്രാ സൗകര്യം നൽകാനുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രതിബദ്ധത ഞങ്ങൾ തുടരുകയാണ്. ഉത്സവ യാത്രകൾക്ക് സമ്മാനങ്ങളും മറ്റും കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു, ഈ ഓഫർ യാത്രാ ചെലവ് കുറച്ച് യാത്ര കൂടുതൽ എളുപ്പമുള്ളതാക്കാനുള്ള വഴിയാണ്’- ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജനൽ മാനേജർ പി.പി. സിങ് പറഞ്ഞു.
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ എയർ ഇന്ത്യയുടെ ഉപസ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസ്, ദുബൈ, ഷാർജ, അബുദാബി, മസ്കറ്റ്, ദമ്മാം, ദോഹ തുടങ്ങിയ നഗരങ്ങളെ 20-ൽ അധികം ഇന്ത്യൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. ദീപാവലി, ഓണം എന്നിവയുടെ മടക്കയാത്ര സമയത്ത് യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ, ഈ 1 ദിർഹം ബാഗേജ് ഡീൽ യാത്രക്കാർക്ക് വലിയ ആകർഷണമാകും.


