Asianet News MalayalamAsianet News Malayalam

ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

തൊഴില്‍ വിസ, ഷോര്‍ട്ട് സ്റ്റേ / ലോങ് സ്റ്റേ വിസകള്‍, വിസിറ്റ് വിസ, താമസ വിസ, പുതിയതായി ഇഷ്യൂ ചെയ്‍ത വിസകള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുമുള്ള വിസകളുള്ളവര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാമെന്നാണ് വിമാനക്കമ്പനികളുടെ അറിയിപ്പില്‍ പറയുന്നത്.  

air india express issues new guidelines to passengers from india to dubai
Author
Dubai - United Arab Emirates, First Published Aug 31, 2021, 8:37 PM IST

ദുബൈ: എല്ലാത്തരം വിസകളുള്ളവര്‍ക്കും  ദുബൈയിലേക്ക് യാത്ര ചെയ്യാമെന്ന് വിവിധ വിമാനക്കമ്പനികള്‍ ചൊവ്വാഴ്‍ച പുറത്തിറക്കിയ അറിയിപ്പുകളില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 30 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ദുബൈയിലേക്ക് പ്രവേശന അനുമതി നല്‍കിയ സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.  അതേസമയം ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ യാത്രക്കാരോട് കൊവിഡ് വാക്സിനേഷന്‍ സംബന്ധിച്ച രേഖകളൊന്നും അധികൃതര്‍ ആവശ്യപ്പെട്ടില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തൊഴില്‍ വിസ, ഷോര്‍ട്ട് സ്റ്റേ / ലോങ് സ്റ്റേ വിസകള്‍, വിസിറ്റ് വിസ, താമസ വിസ, പുതിയതായി ഇഷ്യൂ ചെയ്‍ത വിസകള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുമുള്ള വിസകളുള്ളവര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാമെന്നാണ് വിമാനക്കമ്പനികളുടെ അറിയിപ്പില്‍ പറയുന്നത്.  ദുബൈ യാത്രക്കാര്‍ക്ക് മൂന്ന് നിബന്ധനകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.

  1. സാധുതയുള്ള താമസ വിസയുള്ളവര്‍ ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐ.സി.എ) അല്ലെങ്കില്‍ ജി.ഡി.ആര്‍.എഫ്.എയുടെയോ വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് അനുമതി നേടണം.
  2. വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂനകം സാമ്പിള്‍ ശേഖരിച്ച് നടത്തിയ ആര്‍.ടി.പി.സി.ആര്‍ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം. പരിശോധനാ ഫലം അംഗീകൃത പരിശോധനാ കേന്ദ്രത്തില്‍ നിന്നുള്ളതായിരിക്കുകയും അതില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കുകയും വേണം.
  3. യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച്, വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് കൊവിഡ് പരിശോധനാ ഫലവും ഹാജരാക്കണം. ഈ പരിശോധനാ ഫലത്തിലും ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം.
Follow Us:
Download App:
  • android
  • ios