കൊച്ചി: വന്ദേഭാരത് പദ്ധതിയിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ പ്രതികരണവുമായി എയർ ഇന്ത്യ. കൊവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചത് എയർപോർട്ടിലെ ഗ്രൗണ്ട് ഹാന്റിലിംഗ് ജീവനക്കാർക്ക് സംഭവിച്ച പിഴവായിരുന്നുവെന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം. 

ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യ വ്യക്തമാക്കി. ദുബായിലേക്ക് ബുക്ക് ചെയ്ത യാത്രക്കാർക്കായി ഷാർജയിലേക്ക് കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തി. വിലക്ക് നേരിടുന്ന ദിവസങ്ങളിൽ ദുബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് മറ്റ് ദിവസങ്ങളിലേക്ക് മാറ്റാൻ സൗകര്യമൊരുക്കുമെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. 

ദുബൈയില്‍ വിലക്ക്; വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്; ചില സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റി

ഇന്ന് മുതൽ 15 ദിവസത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈലേക്കോ ദുബൈയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താനാകില്ല. കൊവിഡ് പോസിറ്റീവ് ഫലം ഉണ്ടായിരുന്നിട്ടും യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഈമാസം നാലിന് ജെയ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് കൊവിഡ് പോസിറ്റീവ് റിസൽട്ടുമായി യാത്രക്കാരൻ ദുബൈയിലെത്തിയത്. മുമ്പും സമാനമായ സംഭവമുണ്ടായതിനാൽ സെപ്റ്റംബർ രണ്ടിന് ദുബൈ അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു.