പുതിയ സര്‍വീസുകള്‍ വരുന്നതോടെ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രയോജനകരമാണ്.

അബുദാബി: വേനല്‍ക്കാലക്കാല അവധി സീസണില്‍ കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യ-യുഎഇ സെക്ടറില്‍ എല്ലാ ആഴ്ചയും 24 അധിക സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. 

പ്രധാനമായും അബുദാബി, റാസല്‍ഖൈമ, ദുബൈ വിമാനത്താവളങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. പുതിയ സര്‍വീസുകള്‍ വരുന്നതോടെ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രയോജനകരമാണ്. ദുബൈയിലേക്ക് നാല് വിമാനസര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികമായി തുടങ്ങുന്നത്. ഇതോടെ ആഴ്ചതോറുമുള്ള സര്‍വീസുകളുടെ എണ്ണം 84 ആകും. അബുദാബി റൂട്ടില്‍ ആഴ്ചയില്‍ 43 സര്‍വീസുകളുമാകും. 14 സര്‍വീസുകളാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത്. എല്ലാ ആഴ്ചയിലും ആറ് വിമാനങ്ങളാണ് റാസല്‍ഖൈമ റൂട്ടില്‍ പുതിയതായി ഉള്‍പ്പെടുത്തുക. ഇതോടെ ഈ സെക്ടറില്‍ ആഴ്ചയില്‍ ആകെ എട്ട് വിമാന സര്‍വീസുകള്‍ ഉണ്ടാകും. 

ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ യുഎഇയില്‍ നിരവധി സ്കൂളുകള്‍ക്ക് വേനല്‍ക്കാല അവധി ആയിരിക്കും. ഇതോടെ വിദേശത്തേക്കും നാട്ടിലേക്കുമുള്ള പ്രവാസി കുടുംബങ്ങളുടെ യാത്രകളും വര്‍ധിക്കും. അതുപോലെ തന്നെ ഇന്ത്യയില്‍ നിന്നും നിരവധി ടൂറിസ്റ്റുകള്‍ യുഎഇയും സന്ദര്‍ശിക്കും. കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതിനായി താമസക്കാരും സ്ഥിരം യാത്രക്കാരും കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും ഉചിതമെന്ന് ട്രാവല്‍ ഏജന്‍റുമാര്‍ അഭിപ്രായപ്പെട്ടു. 

Read Also -  പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; പുതിയ സര്‍വീസിന് തുടക്കം, ആഴ്ചയിൽ എല്ലാ ദിവസവും സര്‍വീസുമായി എയര്‍ലൈൻ

ഇത് പൊളിക്കും, നാല് നിരക്കുകൾ, നാല് കാറ്റഗറികൾ; ഉയരെ പറക്കാം, പുതിയ തീരുമാനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ദില്ലി: പുതിയ ഫാമിലി ഫെയര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ നാല് നിരക്കുകളില്‍ പറക്കാം. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യു, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് എന്നിങ്ങനെ നാല് കാറ്റഗറികളിലായാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

ക്യാബിന്‍ ബാഗേജ് മാത്രമുള്ള യാത്രാ നിരക്കുകളാണ് എക്സ്പ്രസ് ലൈറ്റിന് കീഴില്‍ വരുന്നത്. 15 കിലോ ചെക്ക് ഇന്‍ ബാഗേജോട് കൂടിയ യാത്രകള്‍ക്കുള്ള നിരക്കുകള്‍ എക്സ്പ്രസ് വാല്യു കാറ്റഗറിയിലും വരുന്നു. ചെയ്ഞ്ച് ഫീസ് ഇല്ലാതെ യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്സ്പ്രസ് ഫ്ലെക്സ്, ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകള്‍ ഉള്‍പ്പെടുന്ന എക്സ്പ്രസ് ബിസ് എന്നിവയാണ് നാല് കാറ്റഗറികള്‍. 

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ വിമാനങ്ങളിലാണ് എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ എല്ലാ ബോയിങ് 737-8 എയര്‍ക്രാഫ്റ്റുകളിലും എക്സ്പ്രസ് ബിസ് നിരക്കുകള്‍ ലഭ്യമാണ്. വിമാനനിര വിപുലമാക്കുന്നതിന്റെ ഭാഗമായി നാല് പുതിയ വിമാനങ്ങള്‍ വീതമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓരോ മാസവും പുറത്തിറക്കുന്നത്. എക്‌സ്പ്രസ് ബിസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആഭ്യന്തര യാത്രകളില്‍ 25 കിലോയുടെയും രാജ്യാന്തര യാത്രയില്‍ 40 കിലോയുടെയും വര്‍ധിപ്പിച്ച ബാഗേജ് അവലന്‍സുകളും ലഭിക്കും. കൂടുതല്‍ ലെഗ്‌റൂമോടു കൂടിയ ബിസിനസ് ക്ലാസ് സീറ്റിങ്ങും എക്‌സ്പ്രസ് എഹഡ് മുന്‍ഗണനാ സേവനങ്ങളും സൗജന്യ ഗൊര്‍മേര്‍ ഭക്ഷണവും എക്‌സ്പ്രസ് ബിസിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ലഭിക്കുന്നതാണ്. airindiaexpress.com, എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...