അഞ്ചിരട്ടിയായാണ് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്

ദമാം: ഗള്‍ഫ് മേഖലയില്‍ നിന്ന് സ്ട്രെച്ചര്‍ രോഗികള്‍ക്കുള്ള യാത്രാ നിരക്ക് കൂട്ടിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ് അഞ്ചിരട്ടി നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായത്. ഈ മാസം 20നാണ് കിടപ്പു രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്‍റെ നിരക്ക് എയര്‍ ഇന്ത്യ അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചത്.

പ്രവാസികളായ പാവപ്പെട്ട രോഗികൾക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മലയാളി സംഘടനകളടക്കം രംഗത്തെത്തിയതോടെ നിരക്ക് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ നിര്‍ബന്ധിതരായി. പുതിയ സർക്കുലർ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. സർക്കുലർ പിന്‍വലിച്ചതോടെ കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്, ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പഴയ നിരക്കായ 95,000 രൂപ നൽകിയാൽ മതിയാകും.

ബെംഗളൂരു, ഹൈദരാബാദ് തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും സ്‌ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിന്‍റെ നിരക്ക് കൂട്ടിയിരുന്നു. മാസം തോറും കുറഞ്ഞത് ഇരുപത് രോഗികളെങ്കിലും എയർ ഇന്ത്യയുടെ സ്‌ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റു വഴി നാട്ടിലേക്ക് പോകുന്നതായാണ് കണക്ക്. ജോലിക്കിടെ വീണു പരിക്കേറ്റാണ് ഭൂരിപക്ഷം പേരും നാട്ടിലേക്ക് മെച്ചപ്പെട്ട ചികിത്സയ്ക്കായി പോകുന്നത്. അതേസമയം, ആഭ്യന്തര സര്‍വീസുകളിലും മറ്റു അന്താരാഷ്ട്ര സര്‍വീസുകളിലും വര്‍ധിപ്പിച്ച നിരക്ക് തുടരുമെന്ന് എയര്‍ഇന്ത്യഅറിയിച്ചു.