റിയാദ്: വന്ദേ ഭാരത് മിഷൻ വിമാന സർവീസുകൾക്ക് നിരക്ക് ഇരട്ടിയാക്കിയതിൽ പ്രതിഷേധവുമായി പ്രവാസികൾ. സൗദിയിൽ കുടുങ്ങിയ പ്രവാസികളെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ വിമാന നിരക്ക് ഇരട്ടിയോളം വർദ്ധിപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിലായവരെ നാട്ടിലെത്തിക്കാനായി ഏർപ്പെടുത്തിയ വിമാന സർവീസാണ് പ്രവാസികൾക്കിപ്പോൾ തിരിച്ചടിയാകുന്നത്. ജൂൺ 10ന് ദമ്മാമിൽ നിന്ന് കണ്ണൂരിന് പോകുന്ന എയർ ഇന്ത്യ വിമാനത്തിന്റെ ഇക്കോണമി ക്ലാസ്സ് ടിക്കറ്റ് നിരക്ക് 1733 റിയാലാണെന്ന് എയർ ഇന്ത്യ മാനേജർ വ്യക്തമാക്കി. എന്നാൽ ആദ്യ ഘട്ടത്തിൽ ദമ്മാമിൽ നിന്നും കൊച്ചിയിലേക്ക് 910 റിയാൽ മാത്രം ഈടാക്കിയ ടിക്കറ്റിനാണിപ്പോൾ നിരക്ക് ഇരട്ടിയാക്കിയത്.     

വരുന്ന ആഴ്ചകളിൽ ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് 1703 റിയാലാണ്.   ടിക്കറ്റ് നിരക്ക് വർധനയ്‌ക്കെതിരെ നിരവധി പ്രവാസി സംഘടനകൾ ഇതിനോടകം പ്രധാനമന്ത്രി അടക്കമുള്ളവർക്ക് പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ ജോലി നഷടപ്പെട്ടവരും രോഗികളായവരും ഉൾപ്പെടെ പ്രതിസന്ധികളിൽപ്പെട്ടു കഴിയുന്ന പ്രവാസികളുടെ നാടണയാനുള്ള മോഹത്തിന് വിഘാതമാകുകയാണ് കേന്ദ്ര സർക്കാരിന്റെ കരുണയില്ലാത്ത നടപടി.