പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചു വിട്ടത്. 

ജയ്പൂര്‍: റിയാദില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു. വിമാനം ജയ്പൂരിലേക്കാണ് വഴിതിരിച്ചു വിട്ടത്. ദില്ലിയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം തിങ്കളാഴ്ച വഴിതിരിച്ചു വിട്ടത്.

എയര്‍ ഇന്ത്യയുടെ എഐ926 വിമാനമാണ് വഴിതിരിച്ചു വിട്ടത്. റിയാദില്‍ നിന്ന് വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെട്ട വിമാനം പുലര്‍ച്ചെ ഒരു മണിക്ക് ദില്ലി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് ദില്ലിയിലേക്ക് മറ്റൊരു വിമാനം ഒരുക്കിയെങ്കിലും റോഡ് മാര്‍ഗമുള്ള യാത്രയാണ് അവര്‍ സ്വീകരിച്ചതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.