ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യോമ ഗതാഗതവും താറുമാറാക്കി. മദ്ധ്യപൂര്‍വ ദേശത്തെ കൊറോണ ബാധയുടെ ഉറവിടമായി കണക്കാക്കപ്പെടുന്ന ഇറാനില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും യുഎഇ റദ്ദാക്കി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണമെങ്കിലും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമേ സര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ബീജിങ് ഒഴികെയുള്ള ചൈനീസ് നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു. തായ്‍ലന്‍ഡ് സര്‍വീസുകള്‍ക്കും ഇപ്പോള്‍ നിയന്ത്രണമുണ്ട്. നാല് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒമാനും ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി. നേരത്തെ തന്നെ ഒമാന്‍ ചൈനയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപുറമെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ബഹ്റൈന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാനില്‍ നിന്ന് ദുബായ് വഴിയും ഷാര്‍ജ വഴിയും ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തിയവരാണ് ബഹ്റൈനില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ ചിലര്‍. 48 മണിക്കൂര്‍ നേരത്തേക്കാണ് ബഹ്റൈന്‍ രണ്ട് യുഎഇ നഗരങ്ങളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും വിലക്ക് പ്രഖ്യാപിച്ചത്.