Asianet News MalayalamAsianet News Malayalam

പറന്നുയരാന്‍ മുന്നോട്ടു നീങ്ങിയ വിമാനം റണ്‍വേയില്‍ ഫയര്‍ എഞ്ചിനുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

അതിവേഗത്തില്‍ റണ്‍വേയിലൂടെ വിമാനം മുന്നോട്ടു നീങ്ങിയ അതേ സമയം തന്നെ ഏതാനും ഫയര്‍ എഞ്ചിനുകള്‍ റണ്‍വേ മുറിച്ച് കടന്നുപോവുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അപകടം മുന്നില്‍കണ്ട് പൈലറ്റുമാര്‍ ടേക്ക്ഓഫ് വേണ്ടെന്നുവെച്ചെങ്കിലും റണ്‍വേയിലൂടെ മുന്നോട്ട് നീങ്ങിയ വിമാനം ഒരു ഫയര്‍ എഞ്ചിനില്‍ ഇടിക്കുകയായിരുന്നു.

Aircraft Catches Fire after Hitting Truck on runway during Take off two died
Author
First Published Nov 19, 2022, 10:02 PM IST

ലിമ: പറന്നുയരാനായി അതിവേഗത്തില്‍ മുന്നോട്ടു നീങ്ങിയ വിമാനം റണ്‍വേയില്‍ ഫയര്‍ എഞ്ചിനുമായി കൂട്ടിയിടിച്ചു. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ ജോര്‍ജ് ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. അപകടത്തില്‍പെട്ട ഫയര്‍ എഞ്ചിനിലുണ്ടായിരുന്ന രണ്ട് അഗ്നിശമന സേനാ ജീവനക്കാര്‍ മരിച്ചു.

വെള്ളിയാഴ്ചയായിരുന്നു ദാരുണമായ അപകടമുണ്ടായത്. ലത്താം എയര്‍ലൈന്‍സിന്റെ എല്‍എ - 2213 വിമാനം  102 യാത്രക്കാരുമായി പറന്നുയരാന്‍ തയ്യാറെടുക്കുമ്പോഴാണ് അപകടമുണ്ടായത്. അതിവേഗത്തില്‍ റണ്‍വേയിലൂടെ വിമാനം മുന്നോട്ടു നീങ്ങിയ അതേ സമയം തന്നെ ഏതാനും ഫയര്‍ എഞ്ചിനുകള്‍ റണ്‍വേ മുറിച്ച് കടന്നുപോവുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അപകടം മുന്നില്‍കണ്ട് പൈലറ്റുമാര്‍ ടേക്ക്ഓഫ് വേണ്ടെന്നുവെച്ചെങ്കിലും റണ്‍വേയിലൂടെ മുന്നോട്ട് നീങ്ങിയ വിമാനം ഒരു ഫയര്‍ എഞ്ചിനില്‍ ഇടിക്കുകയായിരുന്നു. ഫയര്‍ എഞ്ചിനുകളും നല്ല വേഗതയിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

കൂട്ടിയിടിക്ക് ശേഷം വിമാനത്തില്‍ നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നു. പിന്നെയും മുന്നോട്ട് നീങ്ങിയ ശേഷം വലതു വശത്തേക്ക് ചരിഞ്ഞ് വിമാനം നിന്നു. എയര്‍ബസ് എ320 വിമാനത്തിന് കാര്യമായ തകരാറുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കുകളൊന്നുമുണ്ടായില്ല.  അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചു.

രണ്ട് അഗ്നിശമന സേനാംഗങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ലിമ എയര്‍പോര്‍ട്ട് പാര്‍ട്ണേഴ്സ് അറിയിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ സഹായം എത്തിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രാദേശിക സമയം 3.25ന് വിമാനത്താവളത്തിലെ അപകട അലാം ശബ്ദിച്ചുവെന്നും ഇതേ തുടര്‍ന്ന് നാല് ആംബുലന്‍സുകളെയും ഫയര്‍ എഞ്ചിനുകളെയും അയക്കുകയായിരുന്നുവെന്നും ലിമയിലെ അഗ്നിശമന സേനാ വൃത്തങ്ങള്‍ പറഞ്ഞു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios