ദുബായ്: യുഎഇയില്‍ നിന്ന് തിരുവനന്തപുരവും കൊച്ചിയും അടക്കമുള്ള നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. വര്‍ഷാവസാനത്തിന് മുന്‍പ് നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സഹായകമാവുന്ന നിരക്കുകളാണ് എയര്‍ അറേബ്യയും ഫ്ലൈ ദുബായും പ്രഖ്യാപിച്ചത്.

തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് എയര്‍ അറേബ്യയുടെ കുറഞ്ഞ നിരക്കുകള്‍ ലഭ്യമാവുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തേക്ക് 290 ദിര്‍ഹത്തിന് ടിക്കറ്റ് ലഭിക്കും. കൊച്ചിയിലേക്ക് 320 ദിര്‍ഹമാണ് നിരക്ക്. കോയമ്പത്തൂരും ബംഗളുരുവും അടക്കമുള്ള മറ്റ് നഗരങ്ങളിലേക്കും കുറഞ്ഞ ചിലവില്‍ ടിക്കറ്റുകള്‍ ലഭ്യമാവും. നവംബര്‍ അവസാനം വരെ മാത്രമേ ഈ പ്രത്യേക ഇളവ് ലഭിക്കുകയുള്ളൂ.

ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളില്‍ 10 ശതമാനം ഇളവാണ് ഫ്ലൈ ദുബായിയുടെ ഓഫര്‍. വിസ കാര്‍ഡുകള്‍ ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഇത് ലഭിക്കുന്നത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇതനുസരിച്ച് ബുക്ക് ചെയ്യാനാവുന്നത്. അടുത്ത വര്‍ഷം ജനുവരി മൂന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ 10 ശതമാനം ഓഫര്‍ ഉപയോഗിക്കാനാവുന്നത്.