അജ്മാന്‍: ബലി പെരുന്നാളിന് മുന്നോടിയായി 62 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ സുപ്രീം  കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിട്ടു. ജയില്‍വാസ കാലയളവിലെ സ്വഭാവം ഉള്‍പ്പെടെ പരിശോധിച്ചാണ് മോചിപ്പിക്കുന്നത്. തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഭരണാധികാരിയുടെ തീരുമാനം സഹായകമാകുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. മോചനത്തിനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കാനും ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി നിര്‍ദേശിച്ചിട്ടുണ്ട്. യുഎഇയിലെ 515 തടവുകാരെ മോചിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടിരുന്നു.