Asianet News MalayalamAsianet News Malayalam

ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം അല്‍ഐനിലെ ഡ്രൈവര്‍ക്ക്; 20 സുഹൃത്തുക്കളുമായി പങ്കുവെയ്ക്കും

39 വയസുകാരനായ മുഹമ്മദ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ അല്‍ഐനിലെ ഒരു സ്വകാര്യ കമ്പനിയില്‍ പിക്കപ്പ് ഡ്രൈവറായ അദ്ദേഹം 20 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. സമ്മാനത്തുകയും അവര്‍ തുല്യമായി പങ്കിട്ടെടുക്കും. 

Al Ain based driver takes home AED 35 million making him the biggest grand prize winner in Big Ticket history
Author
First Published Jan 4, 2023, 11:30 AM IST

അബുദാബി: വാഹനം ഓടിച്ചുകൊണ്ടിരുന്നതിനിടെയാണ് അല്‍ഐനിലെ ആ പിക്കപ്പ് ഡ്രൈവറെ തേടി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ നിന്നുള്ള ഫോണ്‍ കോള്‍ എത്തിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള സമ്മാനം അയാള്‍ സ്വന്തമാക്കിക്കഴിഞ്ഞുവെന്ന വിവരം അറിയിക്കാന്‍ അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും മൂന്ന് തവണ വിളിച്ചെങ്കിലും കോള്‍ കണക്ടായില്ല. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് റയ്‍ഫുലിനായിരുന്നു ചൊവ്വാഴ്ച രാത്രി നടന്ന 247-ാം സീരിസ് നറുപ്പെടുപ്പില്‍ 3.5 കോടി ദിര്‍ഹം (77 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.

നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിവരമറിയിക്കാന്‍ സാധിച്ചില്ലെങ്കിലും അല്‍പസമയം കഴിഞ്ഞുതന്നെ കോടീശ്വരനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചുവെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ പറഞ്ഞു. 39 വയസുകാരനായ മുഹമ്മദ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ അല്‍ഐനിലെ ഒരു സ്വകാര്യ കമ്പനിയില്‍ പിക്കപ്പ് ഡ്രൈവറായ അദ്ദേഹം 20 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. സമ്മാനത്തുകയും അവര്‍ തുല്യമായി പങ്കിട്ടെടുക്കും. ഡിസംബര്‍ 10ന് ഓണ്‍ലൈനില്‍ എടുത്ത 043678 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഒന്നാം സമ്മാനം 21 പേരുടെ ഈ സംഘത്തിന് ലഭിച്ചത്.

12 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായ മുഹമ്മദിന് തനിക്കാണ് മൂന്നര കോടി ദിര്‍ഹം ലഭിച്ചതെന്ന കാര്യം വിശ്വസിക്കാനേ സാധിച്ചില്ല. സംഭവം സത്യമാണെന്ന് മനസിലായപ്പോള്‍ പിന്നെ അടക്കാനാവാത്ത സന്തോഷവും. സമ്മാനം കിട്ടുന്ന തുക കൊണ്ട് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ചോദിച്ചപ്പോള്‍, ഈ രാത്രിയില്‍ വിജയിയാകുമെന്ന് ഒട്ടും പ്രതീക്ഷയില്ലാതിരുന്നതിനാല്‍ അത്തരം പദ്ധതികളൊന്നും മനസില്‍ ഇല്ലെന്നായിരുന്നു ബിഗ് ടിക്കറ്റ് പ്രതിനിധിയോട് മുഹമ്മദിന്റെ പ്രതികരണം.

ചൊവ്വാഴ്ചയിലെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒഴികെ മറ്റെല്ലാ സമ്മാനങ്ങളും ലഭിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് കണ്ണൂര്‍ സ്വദേശിയായ റംഷാദ് ഉള്ളിവീട്ടില്‍ അര്‍ഹനായി. ഓണ്‍ലൈനിലൂടെ എടുത്ത 137188 എന്ന നമ്പറിലൂടെയുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹം കോടീശ്വരനായി മാറിയത്. മലയാളിയായ അബ്‍ദുല്‍ ബുര്‍ഹാന്‍ പുതിയ വീട്ടിലിനാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ 061692 എന്ന നമ്പറിലുള്ള ടിക്കറ്റ് അദ്ദേഹം ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ട് എടുത്തതായിരുന്നു. 
Al Ain based driver takes home AED 35 million making him the biggest grand prize winner in Big Ticket history

ഒരു ലക്ഷം ദിര്‍ഹം തന്നെ നല്‍കുന്ന നാലും അഞ്ചും സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്. 039243 എന്ന ടിക്കറ്റിലൂടെ നിര്‍ഷാദ് നാസറും 138166 എന്ന ടിക്കറ്റിലൂടെ റോബിന്‍ കദിയാനുമാണ് ഈ സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്.  ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലും ഇക്കുറി സമ്മാനം ഇന്ത്യക്കാരന് തന്നെയായിരുന്നു. 013693 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്ത സുനില്‍ ജോണ്‍ ഈ നറുക്കെടുപ്പില്‍ മസെറാട്ടിയുടെ ആഡംബര കാര്‍ സമ്മാനമായി നേടി. ഗ്രാന്റ് പ്രൈസ് നേടിയ മുഹമ്മദിനും മറ്റെല്ലാ വിജയികള്‍ക്കും ബിഗ് ടിക്കറ്റ് അധികൃതര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാളിന് 2.3 കോടി ദിര്‍ഹമാണ് ഒന്നാം സമ്മാനം ലഭിക്കുക. രണ്ടാം സമ്മാനമായി പത്ത് ലക്ഷം ദിര്‍ഹവും മൂന്നാം സമ്മാനമായി ഒരു ലക്ഷം ദിര്‍ഹവും നാലാം സമ്മാനമായി അര ലക്ഷം ദിര്‍ഹവും നല്‍കും. ഇതിനെല്ലാം പുറമെ ജനുവരി മാസത്തില്‍ ബിഗ് ടിക്കറ്റ് എടുക്കുന്ന എല്ലാവരും അതത് മാസങ്ങളിലെ പ്രതിവാര നറുക്കെടുപ്പുകളിലും ഉള്‍പ്പെടും. ഇതില്‍ നിന്ന് ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമാണ് സമ്മാനമായി ലഭിക്കുക.
Al Ain based driver takes home AED 35 million making him the biggest grand prize winner in Big Ticket history

ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പേജുകളോ സന്ദര്‍ശിക്കാം.
ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്ന ജനുവരി മാസത്തിലെ ഇ-നറുക്കെടുപ്പ് തീയതികള്‍

  • പ്രൊമോഷന്‍ 1 - ജനുവരി 1-10, നറുക്കെടുപ്പ് തീയതി ജനുവരി 10 (ബുധന്‍)
  • പ്രൊമോഷന്‍ 2 - ജനുവരി 11 - 17, നറുക്കെടുപ്പ് തീയതി ജനുവരി 18 (ബുധന്‍)
  • പ്രൊമോഷന്‍ 3- ജനുവരി 18-24, നറുക്കെടുപ്പ് തീയതി ജനുവരി 25 (ബുധന്‍)
  • പ്രൊമോഷന്‍ 4 - ജനുവരി 25-31, നറുക്കെടുപ്പ് തീയതി ഫെബ്രുവരി ഒന്ന് (ബുധന്‍).
Follow Us:
Download App:
  • android
  • ios