ഏപ്രില്‍ 11 മുതല്‍ 13 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.

അബുദാബി: ചൂണ്ടയിട്ട് നേടാം ലക്ഷങ്ങള്‍, വെറും വാക്കല്ല, പക്ഷേ ഒറ്റ കണ്ടീഷന്‍ മാത്രം. ഏറ്റവും വലിയ നെയ്മീനെ ചൂണ്ടയിട്ട് പിടിക്കണം. യുഎഇയിലാണ് സംഭവം. യുഎഇയില്‍ ആരംഭിച്ച അഞ്ചാമത് അല്‍ ദഫ്ര ഗ്രാന്‍ഡ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള മത്സരത്തിലാണ് വന്‍ സമ്മാനം സ്വന്തമാക്കാനുള്ള അവസരമുള്ളത്. 

ഏപ്രില്‍ 11 മുതല്‍ 13 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. അബുദാബി അല്‍മുഗീറ ബീച്ചില്‍ തുടക്കമായി. മത്സരത്തില്‍ ഏറ്റവും വലിയ കിങ് ഫിഷിനെ ചൂണ്ടയിട്ട് പിടിക്കുന്നവര്‍ക്ക് 1.2 ലക്ഷം ദിര്‍ഹം ആണ് ഒന്നാം സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 80,000, 60,000 ദിര്‍ഹം വീതം ലഭിക്കും. അൽ-സില, അൽ മുഗീറ, അൽ ദഫ്ര ഫൈനൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മീൻ പിടിത്തത്തിൽ ലഭിക്കുന്ന പോയിന്റുകൾ ചേർത്താണ് ചാമ്പ്യനെ കണ്ടെത്തുന്നത്. മെഗാ വിജയികളിൽ പുരുഷ ചാമ്പ്യന് നിസാൻ പട്രോളും വനിതാ വിജയിക്ക് റബ്ദാന്‍ കാറും സമ്മാനമായി ലഭിക്കും. 

Read Also - സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം; അറിയണം അപകടകാരിയെ, 17കാരന്‍റെ വാരിയെല്ലിന് പൊട്ടല്‍, കാരണം ഈ വില്ലൻ

ആകെ 20 സമ്മാനങ്ങളാണ് ഉള്ളത്. പുരുഷ ,വനിതാ വിഭാഗത്തില്‍ 10 വീതം. പുരുഷന്മാർ കുറഞ്ഞത് 15 കിലോയും വനിതകൾ 8 കിലോയും തൂക്കമുള്ള മത്സ്യത്തെയാണ് പിടിക്കേണ്ടത്. ചൂണ്ടയിട്ടാണ് മീന്‍ പിടിക്കേണ്ടത്. ചൂണ്ടയും മീന്‍ പിടിക്കാനുള്ള ഉപകരണവും ഉപയോഗിക്കാം. എന്നാല്‍ വലകള്‍, കുന്തം എന്നിങ്ങനെയുള്ള മറ്റ് രീതികള്‍ നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കിങ്ഫിഷ് മത്സ്യബന്ധന രീതികൾ നിയന്ത്രിക്കുക, അമിത മത്സ്യബന്ധനം തടയുക, അൽ ദഫ്രയുടെ തീരദേശ സൗന്ദര്യം പ്രദർശിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം