സൗദി അറേബ്യയിലെ പ്രധാന ഈന്തപ്പഴ ഉത്പാദന കേന്ദ്രമായി അൽ ഖർജ് മേഖല മാറിയിരിക്കുന്നു. 90,400 ടണ്ണിലധികം വാർഷിക ഉത്പാദനമുള്ള ഈ മേഖല, പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. 'ഖലാസ് അൽ ഖർജ്' പോലുള്ള പ്രശസ്ത ഇനങ്ങളും ആധുനിക സംസ്കരണ ശാലകളും ഈ മേഖലയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
റിയാദ്: സൗദി അറേബ്യയിലെ ഈന്തപ്പഴ ഉത്പാദനത്തിന്‍റെ മുഖ്യ കേന്ദ്രങ്ങളിലൊന്നായി റിയാദ് പ്രവിശ്യയിലെ അൽ ഖർജ് മേഖല മാറുന്നു. നാഷണൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സിെൻറ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, അൽ ഖർജിെൻറ വാർഷിക ഈന്തപ്പഴ ഉത്പാദനം 90,400 ടൺ പിന്നിട്ടിരിക്കുകയാണ്.
അൽ ഖർജിലെ വാർഷിക ഈന്തപ്പഴ ഉത്പാദനത്തിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് 723 മില്യൺ റിയാലിെൻറ സാമ്പത്തിക വിഹിതമാണ് ലഭിക്കുന്നത്. ഈന്തപ്പഴ വിളവെടുപ്പ്, വിപണന സീസണുകളിലായി ആറായിരത്തിലധികം താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ മേഖലയ്ക്ക് സാധിക്കുന്നുണ്ട്.
പ്രാദേശികമായും അന്തർദ്ദേശീയമായും ഏറെ പ്രശസ്തമായ 'ഖലാസ് അൽ ഖർജ്' ഇനമാണ് ഇവിടെ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിനുപുറമെ സഗായി, നബൂത് സൈഫ്, സഫ്രി, ഷിഷി, ഹിലാലി, ബർഹി തുടങ്ങി നിരവധി പ്രമുഖ ഇനങ്ങളും ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. സൗദി അറേബ്യയിലാകെയുള്ള 3.76 കോടി ഈന്തപ്പനകളിൽ 15 ലക്ഷം ഈന്തപ്പനകൾ അൽ-ഖർജിലാണുള്ളത്. ഇതിൽ 12 ലക്ഷം മരങ്ങൾ ഫലം തരുന്നവയാണ്. ഇത് ഗവർണറേറ്റിലെ ആകെ ഈന്തപ്പനകളുടെ 80.6 ശതമാനത്തോളം വരും. ഇത് രാജ്യത്തെ ആകെ ഈന്തപ്പനകളുടെ 3.9 ശതമാനവും, ഫലം തരുന്ന ആകെ ഈന്തപ്പനകളുടെ 3.7 ശതമാനവുമാണ്.
2024-ൽ സൗദി അറേബ്യയുടെ ആകെ ഈന്തപ്പഴ ഉത്പാദനം തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 1 ശതമാനം വർദ്ധനവോടെ 1.92 മില്യൺ ടണ്ണിൽ എത്തിയിരുന്നു. രാജ്യത്തിെൻറ ആകെ ഉത്പാദനത്തിൽ 4.7 ശതമാനം വിഹിതം അൽ-ഖർജിൻറേതാണ്. ഇതേ വർഷം 436.1 ടൺ ഉത്പാദിപ്പിച്ച് റിയാദ് പ്രവിശ്യ രാജ്യത്ത് ഒന്നാമതെത്തിയപ്പോൾ, റിയാദ് പ്രവിശ്യയുടെ ആകെ ഉത്പാദനത്തിെൻറ 20.7 ശതമാനവും അൽ-ഖർജിൽ നിന്നായിരുന്നു.
ഈന്തപ്പഴ സംസ്കരണ വ്യവസായവും വിപണന മേളകളും
ഈന്തപ്പഴങ്ങൾ തരംതിരിക്കൽ, പാക്കേജിങ്, പ്രൊസസിങ് എന്നിവയ്ക്കായി അത്യാധുനിക ഫാക്ടറികളും അനുബന്ധ സൗകര്യങ്ങളും അൽ-ഖർജിലുണ്ട്. ഈന്തപ്പഴങ്ങളുടെ കേടുപാടുകൂടാതെയുള്ള സംഭരണ കാലാവധി വർദ്ധിപ്പിക്കുന്നതിനായുള്ള വാക്വം പാക്കേജിങ്, മധുരപലഹാരങ്ങൾക്കും ബേക്കറി ഉൽപന്നങ്ങൾക്കുമായി ഉപയോഗിക്കുന്ന ഡേറ്റ് പേസ്റ്റ്, പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഡേറ്റ് സിറപ്പ്, ഡേറ്റ് വിനാഗിരി, മറ്റ് ചേരുവകൾ നിറച്ച ഈന്തപ്പഴങ്ങൾ, ഈന്തപ്പഴക്കുരുവിൽ നിന്നുള്ള മൃഗതീറ്റ എന്നിവയാണ് ഇവിടുത്തെ പ്രധാന ഉൽപന്നങ്ങൾ.
ഈന്തപ്പഴ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി വാർഷികാടിസ്ഥാനത്തിൽ വിവിധ മേളകൾ ഇവിടെ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ നടന്ന 'അൽ ഖർജ് ഡേറ്റ് ആൻഡ് സൗദി കോഫി ഫെസ്റ്റിവൽ' 20 ലക്ഷം സന്ദർശകരെയാണ് ആകർഷിച്ചത്. ഗവർണറേറ്റിലെ വാണിജ്യ-ടൂറിസം മേഖലയിലേക്ക് 11 മില്യൺ റിയാലിെൻറ സാമ്പത്തിക ചലനമുണ്ടാക്കാൻ ഈ മേളയ്ക്ക് സാധിച്ചു. കൂടാതെ രണ്ടായിരത്തിലധികം താൽക്കാലിക തൊഴിലവസരങ്ങളും മേളയിലൂടെ സൃഷ്ടിക്കപ്പെട്ടു.
വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന പദവി സൗദി അറേബ്യ നിലനിർത്തി. 2024-ൽ 1.7 ബില്യൺ റിയാലായിരുന്ന സൗദി ഈന്തപ്പഴ കയറ്റുമതി, 2025-ൽ 15.9 ശതമാനം വർദ്ധനവോടെ 1.93 ബില്യൺ റിയാലിലെത്തി. നിലവിൽ ലോകമെമ്പാടുമുള്ള 133-ലധികം രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴങ്ങൾ കയറ്റി അയക്കുന്നുണ്ട്. ഈന്തപ്പഴ ഉത്പാദനത്തിൽ 119 ശതമാനത്തിലധികം സ്വയംപര്യാപ്തത കൈവരിക്കാനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
നാഷണൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സിെൻറ കീഴിലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമായ 'ഡേറ്റ് ട്രേഡിംഗ് പ്ലാറ്റ്‌ഫോം' വഴി കർഷകർ, വ്യാപാരികൾ, ഫാക്ടറികൾ എന്നിവരെ തമ്മിൽ ബന്ധിപ്പിക്കുന്നുണ്ട്. കയറ്റുമതി സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും കാർഗോ പരിശോധനകൾക്കുമുള്ള ഡിജിറ്റൽ സേവനങ്ങളും ഈ പ്ലാറ്റ്‌ഫോം നൽകുന്നു. ഇത് അൽ ഖർജിൽ നിന്നുള്ള സംസ്കരിച്ച ഈന്തപ്പഴ ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ വഴിയൊരുക്കുന്നു.


