സൗദി അറേബ്യയിലെ ഹാഇൽ പ്രവിശ്യയിൽ വെച്ച് സ്വന്തം ഭാര്യയെയും മകളെയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മംദൂഹ് ബിൻ ദാഹിർ അൽ ഷമ്മരി എന്നയാൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത്. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്.
റിയാദ്: സൗദി അറേബ്യയിലെ ഹാഇൽ പ്രവിശ്യയിൽ വെച്ച് തന്‍റെ ഭാര്യയെയും മകളെയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സൗദി പൗരെൻറ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ചയായിരുന്നു നടപടി. മംദൂഹ് ബിൻ ദാഹിർ ബിൻ ഗരീബ് അൽ ഹാംലി അൽ ഷമ്മരി എന്ന സൗദി പൗരനാണ് വധശിക്ഷയ്ക്ക് വിധേയനായത്. തെൻറ ഭാര്യയായ മറിയം ബിൻത് സാദ് ബിൻ സൈദ് അൽ ഷമ്മരി, മകൾ ഗല എന്നിവരുടെ കിടപ്പുമുറികളിൽ അതിക്രമിച്ചുകയറി മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്.
സംഭവത്തിന് പിന്നാലെ സുരക്ഷാ വിഭാഗം പ്രതിയെ ഉടൻ പിടികൂടി. ചോദ്യം ചെയ്യലിലും തുടർന്ന് നടന്ന നിയമനടപടികളിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി സ്ഥിരീകരിച്ചു. ഭാര്യയെയും മകളെയും, മുൻകൂട്ടി കൃത്യമായ പദ്ധതിയിട്ടാണ് പ്രതി കൊലപ്പെടുത്തിയത്. ഈ കുറ്റകൃത്യത്തിെൻറ ഗൗരവം കണക്കിലെടുത്ത് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും രാജ്യത്തെ സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെ ഇത് അന്തിമമായി. തുടർന്ന് വിധി നടപ്പാക്കാനായി പ്രത്യേക രാജകൽപ്പനയും പുറത്തിറങ്ങി.


