മലപ്പുറം: നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറൻറൈൻ ചെയ്യാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍. പ്രവാസികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്ര സർക്കാരും വിദേശ രാജ്യങ്ങളും ആലോചിച്ച് എടുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. 

അതേസമയം പ്രവാസികളെ കൂട്ടത്തോടെ നാട്ടിലെത്തിക്കുന്നതില്‍ ഹൈക്കോടതി ആശങ്ക അറിയിച്ചിരുന്നു. പ്രവാസികളെ തിരികെ എത്തിച്ചാല്‍ എവിടെ പാര്‍പ്പിക്കുമെന്നും പ്രവാസികള്‍ കൂട്ടത്തോടെ വന്നാല്‍ ക്രമസമാധാന പ്രശ്‍നം വരെ ഉണ്ടാകാമെന്നും ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് കൂടി അറിയണമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് യുഎഇ അറിയിച്ചു. രോഗബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കാം. നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ള പ്രവാസികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കും. വിദേശികളെ നാട്ടിലെത്തിക്കാനുള്ള സന്നദ്ധത എല്ലാ രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍  യുഎഇയുടെ വാഗ്ദാനത്തോട് വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.