മൂന്ന് മലയാളികൾ ഉൾപ്പെടെ 28 ഹാജിമാർ വിവിധ കാരണങ്ങളാൽ മദീനയിലും മക്കയിലുമായി നിര്യാതരായി. മരിച്ചവരിൽ ആറ് പേർ വിവിധ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ എത്തിയവരാണ്.

റിയാദ്: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മദീന വഴി എത്തിയ മുഴുവൻ തീർഥാടകരും മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി. ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവ് തുടരുകയാണ്. 509 വിമാനങ്ങളിലായി 1,22,393 ഇന്ത്യൻ തീർഥാടകർ ഇതിനകം ഹജ്ജിനായി പുണ്യഭൂമിയിലെത്തി. ഇവരിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 28 ഹാജിമാർ വിവിധ കാരണങ്ങളാൽ മദീനയിലും മക്കയിലുമായി നിര്യാതരായി. 

മരിച്ചവരിൽ ആറ് പേർ വിവിധ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ എത്തിയവരാണ്. മദീനയിൽ രോഗികളായ മൂന്ന് ഹാജിമാർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരെ ഹജ്ജിനോടടുത്ത ദിവസങ്ങളിൽ മക്കയിലെത്തിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം കണ്ണൂരിൽ നിന്നും വ്യാഴാഴ്ച വൈകീട്ട് ജിദ്ദയിലെത്തും. മലയാളി ഹാജിമാരുടെ മദീന സന്ദർശനം ഹജ്ജിനു ശേഷമാണ് ക്രമീകരിച്ചിട്ടുള്ളത്. പുരുഷന്മാര്‍ ഒപ്പമില്ലാത്ത (നോൺ മഹ്‌റം) വിഭാഗത്തിൽപ്പെട്ട മുഴുവൻ ഹാജിമാരും ഇതിനകം മക്കയിലെത്തിയിട്ടുണ്ട്. 

ഹജ്ജിനു ശേഷമുള്ള മദീന സന്ദർശനം ജൂലൈ നാല് മുതൽ ആരംഭിക്കും. ജിദ്ദ വിമാനത്താവളം വഴി എത്തിയ ഹാജിമാരായിരിക്കും ഹജ്ജ് കർമങ്ങൾക്ക് ശേഷം മദീന സന്ദർശിക്കുക. ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാർക്കുള്ള ബലി കൂപ്പണുകൾ വിതരണം ആരംഭിച്ചു. നാട്ടിൽ നിന്നും ബലി അറുക്കുന്നതിനുള്ള പണം അടച്ചവർക്കാണ് ബലികൂപ്പൺ (അദാഹി കാർഡ്) ലഭിക്കുക. ഇത് നാട്ടിൽ നിന്നും ഹജ്ജ് വളണ്ടിയർമാരായി (ഖാദിമുൽ ഹുജ്ജാജ്) എത്തിയവരും മറ്റു വളണ്ടിയർമാരുമാണ് വിതരണം ചെയ്യുക. ഇന്ത്യയിൽ നിന്നുള്ള എണ്‍പതിനായിരത്തോളം തീർഥാടകർക്ക് ഇത്തവണ മശാഇർ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനാവും. മറ്റ് ഹാജിമാർ ബസുകളിലായിരിക്കും ഹജ്ജ് ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുക.

 Read also: ഹജ്ജിന് മുന്നോടിയായി പുണ്യസ്ഥലങ്ങളിലെ നടപ്പാതകൾ തണുപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player