കുവൈത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ വ്യാപക പരിശോധനയിൽ ഒരാഴ്ചക്കിടെ 19,938 നിയമലംഘനങ്ങൾ കണ്ടെത്തി. ഗതാഗത നിയമലംഘനങ്ങൾക്ക് പുറമെ, പിടികിട്ടാപ്പുള്ളികളും താമസ നിയമലംഘകരും ഉൾപ്പെടെ നിരവധി പേർ അറസ്റ്റിലായി. ഇതേ കാലയളവിൽ ആയിരത്തിലധികം വാഹനാപകടങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.
കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ വിപുലമായ പരിശോധനകളിൽ കണ്ടെത്തിയത് ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ. ജൂൺ എട്ട് മുതൽ പതിനാല് വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഗവർണറേറ്റുകളിലായി നടത്തിയ ഫീൽഡ് കാമ്പെയ്‌നുകളിലാണ് 19,938 നിയമലംഘനങ്ങൾ അധികൃതർ കണ്ടെത്തിയത്. ഗതാഗത നിയമലംഘനങ്ങൾക്ക് പുറമെ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 2,736കേസുകളും ഇതേ കാലയളവിൽ പൊലീസ് കൈകാര്യം ചെയ്തു. വിവിധ കേസുകളിൽ നിയമപാലകർ തിരയുന്ന 51 പിടികിട്ടാപ്പുള്ളികളെയും പരിശോധനയ്ക്കിടയിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സുരക്ഷാ കാമ്പെയിനിന്‍റെ ഭാഗമായി താമസനിയമം ലംഘിച്ച ഇരുപത്തിയേഴ് വിദേശികളെയും ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാത്ത ഒരാളെയും അസ്വാഭാവിക സാഹചര്യത്തിൽ കാണപ്പെട്ട ആറ് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതി നിർദ്ദേശപ്രകാരം തിരയുന്ന പതിനാറ് വാഹനങ്ങൾ പിടിച്ചെടുത്ത അധികൃതർ, പ്രായപൂർത്തിയാകാതെ വാഹനമോടിച്ച പതിനൊന്ന് കൗമാരക്കാരെ തുടർനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തു. കൃത്യമായ രേഖകളില്ലാതെയും നിയമം ലംഘിച്ചും നിരത്തിലിറക്കിയ നാനൂറ്റി പത്തൊൻപത് കാറുകളും ഇരുപത്തിയൊന്ന് മോട്ടോർ സൈക്കിളുകളും ട്രാഫിക് വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ നാൽപ്പത്തിയാറ് പേരെ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ തടങ്കലിൽ പാർപ്പിച്ചു.
ഒരു വശത്ത് പരിശോധനകൾ കർശനമായി തുടരുമ്പോൾ തന്നെ, ഇതേ കാലയളവിൽ രാജ്യത്ത് 1,097 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ നൂറ്റിയറുപത് അപകടങ്ങൾ ആളുകൾക്ക് പരിക്കേറ്റ ഗുരുതരമായ സംഭവങ്ങളായിരുന്നു. അപകടസ്ഥലങ്ങളിൽ ട്രാഫിക് ഉദ്യോഗസ്ഥർ അടിയന്തരമായി എത്തി ആവശ്യമായ നിയമനടപടികളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിച്ചു. വരും ദിവസങ്ങളിലും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ട്രാഫിക് വകുപ്പിന്റെ തീരുമാനം.


