ഡെൽറ്റ വകഭേദം നേരത്തെയുണ്ടായിരുന്ന വൈറസിനേക്കാള്‍ 60 ശതമാനം വേഗത്തിൽ പടരുന്നുവെന്നും ഒമാനിലെ മെഡിക്കൽ ലബോറട്ടറി സ്‌പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ബിൻ സയീദ് അൽ തൗബി ഒമാൻ ടിവിയോട് പറഞ്ഞു. 

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ വ്യാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് പരിശോധന നടത്തിവരുന്ന ലബോറട്ടറികള്‍ വ്യാപന ശേഷി കൂടി വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

വൈറസുകളിലെ ജനിതക മാറ്റം കാരണം അണുബാധ വർദ്ധിക്കുന്നു. ഡെൽറ്റ വകഭേദം നേരത്തെയുണ്ടായിരുന്ന വൈറസിനേക്കാള്‍ 60 ശതമാനം വേഗത്തിൽ പടരുന്നുവെന്നും ഒമാനിലെ മെഡിക്കൽ ലബോറട്ടറി സ്‌പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ബിൻ സയീദ് അൽ തൗബി ഒമാൻ ടിവിയോട് പറഞ്ഞു. ഒമാനിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 4415 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 46 പേർ മരണമടയുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായ 153 പേരെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 374 പേർ ഉൾപ്പെടെ, ഇപ്പോൾ 1180 കൊവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. നിലവില്‍ ഇതൊന്നും അത്ര ആശ്വാസകരമായ സാഹചര്യമല്ല രാജ്യത്തുള്ളതെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.