അബുദാബി: മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചയച്ച നടപടി തന്നെ ഞെട്ടിച്ചെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. കൊവിഡ് അല്ലാത്ത കാരണങ്ങളാല്‍ മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച ദില്ലിയില്‍ നിന്ന് അബുദാബിയിലേക്ക് തിരിച്ചയച്ചത്.

കൊവിഡുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ടാണോ മൃതേദഹങ്ങള്‍ തിരിച്ചയച്ചതെന്ന് അറിയില്ല. എന്നാല്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇവിടെ നിന്ന് നാട്ടിലേക്ക് അയക്കുന്നില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലെ പുതിയ പ്രോട്ടോകോളിന്റെ ഭാഗമായാണ് ഇത് സംഭവിച്ചതെന്ന് മനസിലാക്കുന്നു. അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. മൃതദേഹങ്ങള്‍ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയിരുന്നില്ല. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അവ തിരികെ അയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തിഹാദ് എയര്‍വേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ അയച്ചത്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍ വിമാനത്തില്‍ നിന്ന് പുറത്തിറക്കാന്‍ അനുവദിക്കാതെ അബുദാബിയിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് പ്രവാസികളുടെ വ്യാപക പ്രതിഷേധത്തിനൊടുവില്‍ ഇന്ന് വൈകുന്നേരം കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.