​ഗ്രീൻലാൻഡിൽ 1,00,000 വർഷം കൊണ്ട് രൂപം കൊണ്ട ​​ഗ്ലേസിയറുകളിൽ നിന്ന് കൊത്തിയെടുക്കുന്നവയാണ് ഇത്തരം ഐസ് ക്യൂബുകൾ

ദുബൈ: ഈ ഐസ് ക്യൂബുകൾക്ക് പറയാനുള്ളത് ഇമ്മിണി വല്യ യാത്രയുടെ കഥയാണ്. ഒന്നും രണ്ടുമല്ല, 20,000 കിലോ മീറ്ററുകളാണ് ഇവർ നിങ്ങളുടെ മനസ്സിനെയും വയറിനെയും `ചിൽ' ആക്കാൻ താണ്ടിയെത്തുന്നത്. പറഞ്ഞുവരുന്നത് ദുബൈയിലെ പാനീയങ്ങളിൽ വൈകാതെ തന്നെ ഇടം പിടിക്കാനെത്തുന്ന `ഏറ്റവും ശുദ്ധമായ' എന്ന ഖ്യാതി ലഭിച്ച ഐസ് ക്യൂബുകളെ പറ്റിയാണ്. ​ഗ്രീൻലാൻഡിൽ 1,00,000 വർഷം കൊണ്ട് രൂപം കൊണ്ട ​​ഗ്ലേസിയറുകളിൽ നിന്ന് കൊത്തിയെടുക്കുന്നവയാണ് ഇത്തരം ഐസ് ക്യൂബുകൾ. ആർട്ടിക് ഐസ് ക്യൂബുകൾ എന്നറിയപ്പെടുന്ന ഇവ ഉടൻ തന്നെ ദുബൈയിൽ എല്ലായിടത്തും ലഭ്യമാകുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇനി വില കേൾക്കാൻ തയാറായിക്കോളൂ, ആറ് ക്യൂബുകൾക്ക് 249 ദിർഹമാണ് വില വരുന്നത്. 

ഗ്ലേസിയറിൽ നിന്ന് വേർപെട്ട 22 ടൺ വരുന്ന കട്ടയിൽ നിന്നാണ് ആർട്ടിക് ഐസ് ക്യൂബുകൾ ഉൽപ്പാദിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഈ ഐസ് കട്ട ദുബൈയിൽ എത്തിച്ചത്. അൽ ഖോസിലുള്ള നാച്ചുറൽ ഐസ് ഫാക്ടറിയിലാണ് ഐസ് ക്യൂബുകളുടെ നിർമാണം നടക്കുന്നതെന്നും ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ `ശുദ്ധമായ' ഐസിന്റെ ആവശ്യം വർധിച്ചതായും ഫാക്ടറിയുടെ സഹ ഉടമയായ അഹമ്മദ് അൽ മസ്റൂയി പറഞ്ഞു. 

ആരെയും ആകർഷിക്കുന്ന രീതിയിലാണ് ഈ ഐസ് ക്യൂബുകളുടെ പാക്കേജിങ്. ആകാശ നീല നിറത്തിലുള്ള ത്രികോണാകൃതിയിലുള്ള പെട്ടിയിലാണ് ആർട്ടിക് ഐസ് ക്യൂബുകൾ ലഭ്യമാകുക. ഇതിന്റെ പാക്കേജിങ്ങിനായി ഏതാണ്ട് ഒരു വർഷത്തോളം ചെലവഴിച്ചിട്ടുണ്ടെന്ന് ആർട്ടിക് ഐസ് ചെയർമാൻ സമീർ ബെൻ തബീബ് പറഞ്ഞു. ഈ ഐസ് ക്യൂബുകൾക്ക് പ്രത്യേകമായ രുചി ഉണ്ടാകില്ല. ഒരിക്കൽ ​ഗ്രീൻലാൻഡിലൂടെ താൻ സഞ്ചരിച്ചിരുന്ന സമയത്ത് ബോട്ട് ഒരു ​ഗ്ലേസിയറിൽ ഇടിക്കുകയുണ്ടായി. കപ്പിത്താന് ആ ​ഗ്ലേസിയർ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. അത് അത്രക്കും ശുദ്ധമായിരുന്നു. ഈ ഒരു സംഭവത്തിന് ശേഷമാണ് ​ഗ്രീൻലാൻഡിലെ ​ഗ്ലേസിയറുകളിൽ നിന്നും അതി ശുദ്ധമായ ഐസ് ക്യൂബുകൾ നിർമിക്കാം എന്ന ആശയമുദിച്ചത്. അത് പിന്നീട് ഒരു ബിസിനസ് ആക്കി വളർത്തുകയായിരുന്നു - സമീർ ബെൻ തബീബ് പറയുന്നു.

read more: 85 വയസ്സുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി; കൊച്ചുമകന് കുവൈത്തിൽ വധശിക്ഷ

ദുബൈയിലെ റസ്റ്റോറന്റ് ആയ നഹാതെയിലെ പ്രീമിയം കോക്ക്ടെയിലുകളിൽ ആർട്ടിക് ഐസ് ക്യൂബുകൾ ഉപയോ​ഗിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരങ്ങൾ. നഹാതെയിലെ അത്യാഡംബര മെനുവിന്റെ ഭാ​ഗമായി വികസിപ്പിച്ചെടുത്ത ഇത്തരം പാനീയങ്ങൾക്ക് 300 മുതൽ 700 ദിർഹം വരെയായിരിക്കും വില വരുന്നത്. നിലവിൽ ഇതിന്റെ വില 100 മുതൽ 200 ദിർഹം വരെയാണ്.