ദുബൈ ഭരണാധികാരിയുടെ മകള്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വാര്‍ത്ത പരസ്യപ്പെടുത്തിയത്. വരന്റെ പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂം വധൂവരന്മാരെക്കുറിച്ച് എഴുതിയ കവിത പങ്കുവെച്ചായിരുന്നു അവര്‍ വിവാഹ വാര്‍ത്ത പങ്കുവെച്ചത്. 

ദുബൈ: യുഎഇയില്‍ വീണ്ടും രാജകീയ വിവാഹം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് തന്റെ വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അല്‍ മക്തൂം കുടുംബാംഗം തന്നെയായ ശൈഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂമാണ് വരന്‍.

ദുബൈ ഭരണാധികാരിയുടെ മകള്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വാര്‍ത്ത പരസ്യപ്പെടുത്തിയത്. വരന്റെ പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂം വധൂവരന്മാരെക്കുറിച്ച് എഴുതിയ കവിത പങ്കുവെച്ചായിരുന്നു അവര്‍ വിവാഹ വാര്‍ത്ത പങ്കുവെച്ചത്. വരന്റെ പിതാവും ഇതേ കവിത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. രാജകീയ വിവാഹ കരാറില്‍ ഒപ്പുവെയ്‍ക്കുന്ന അവസരത്തിലേക്ക് വേണ്ടി എഴുതിയ കവിതയാണിതെന്നാണ് വരികള്‍ സൂചിപ്പിക്കുന്നത്. അതേസമയം വിവാഹ ആഘോഷത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.

ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദധാരിയായ ശൈഖ മഹ്റ ദുബൈയിലെ വിവിധ പരിപാടികള്‍ നിറ സാന്നിദ്ധ്യമാണ്. അതേസമയം ശൈഖ മാനയാവട്ടെ ദുബൈയിലെ അറിയപ്പെടുന്ന സംരംഭകനും വ്യവസായിയുമാണ്. റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക രംഗങ്ങളിലാണ് പ്രധാനമായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. സ്‍കൂയിങ് ഉള്‍പ്പെടെയുള്ളവ ഇഷ്ടപ്പെടുന്ന അദ്ദേഹം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ഉള്‍പ്പെടെയുള്ള രാജകുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്.

Read also: യുഎഇയില്‍ പുതിയ 1000 ദിര്‍ഹത്തിന്റെ നോട്ട് അടുത്തയാഴ്ച മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും