റിയാദ്: യമനിലെ ഹൂതി ശക്തികേന്ദ്രങ്ങളില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന ശക്തമായ ആക്രമണം നടത്തി. യമനിലെ ഹുദൈദ പ്രവിശ്യയുടെ വടക്കന്‍ പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികിയെ ഉദ്ധരിച്ച് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹൂതികളുടെ അഞ്ച് ബോട്ടുകള്‍ സഖ്യസേന തകര്‍ത്തു. ചെങ്കടലിലെ വാണിജ്യപാതയില്‍ അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിന് ഭീഷണിയാവുന്ന ആക്രമണം നടത്താന്‍ ഹൂതികള്‍ തയ്യാറാക്കിയവയാണ് ഈ ബോട്ടുകളെന്ന് അല്‍ മാലികി ആരോപിച്ചു. ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള കേന്ദ്രമായി ഹൂതികള്‍ ഹുദൈദ പ്രവിശ്യയെ ഉപയോഗിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സിവിലിയന്‍ പ്രദേശങ്ങള്‍ ഉപയോഗിക്കുകയും സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്ന ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകളുടെ തന്ത്രങ്ങളാണിവ. അന്താരാഷ്ട്ര ചട്ടങ്ങള്‍ കണക്കിലെടുത്തുകൊണ്ടുതന്നെ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ അറബ് സഖ്യസേനയ്ക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നും തുര്‍കി അല്‍ മാലികി പറഞ്ഞു.