Asianet News MalayalamAsianet News Malayalam

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

ഭീകരാക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അറബ് സഖ്യസേന അറിയിച്ചു.

Arab coalition intercepts Houthi drone launched towards Khamis Mushait in Saudi Arabia
Author
Riyadh Saudi Arabia, First Published Mar 20, 2021, 6:54 PM IST

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ശനിയാഴ്‍ച വ്യോമാക്രമണ ശ്രമമുണ്ടായതായി അറബ് സഖ്യസേന അറിയിച്ചു. യെമനില്‍ നിന്ന് ഹുതികള്‍ വിക്ഷേപിച്ച സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്‍ത്തതായി അല്‍ അറബിയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ഭീകരാക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അറബ് സഖ്യസേന അറിയിച്ചു. അതേസമയം സൗദി അറേബ്യയിലെ റിയാദില്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയും കഴിഞ്ഞ ദിവസം ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായി. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് നടന്ന ആക്രമണത്തെ തുടര്‍ന്ന് തീപ്പിടുത്തമുണ്ടായെങ്കിലും ഉടന്‍ നിയന്ത്രണവിധേയമാക്കി.  സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ മരണമോ ഉണ്ടായിട്ടില്ല. ആക്രമണം പെട്രോളിയം വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ഊര്‍ജ്ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ റാസ് തനൂറ റിഫൈനറിക്കും സൗദി അരാംകോ താമസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഹൂതികള്‍ ഭീകരാക്രമണം നടത്തിയിരുന്നു. ഭീരുത്വം നിറഞ്ഞ ആക്രമണത്തെ രാജ്യം ശക്തമായി അപലിക്കുന്നെന്നും ഇത്തരം തീവ്രവാദ അട്ടിമറി ആക്രമണങ്ങള്‍ക്കെതിരെ നിലകൊള്ളാനും അത് നടപ്പാക്കുന്നവരെ നേരിടാനും ലോകരാജ്യങ്ങളോടും സംഘടനകളോടും വീണ്ടും ആവശ്യപ്പെടുന്നെന്നും ഊര്‍ജ്ജ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ഹൂതി ആക്രമണത്തെ ബഹ്‌റൈന്‍, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളും ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലും അപലപിച്ചു.  

Follow Us:
Download App:
  • android
  • ios