റിയാദ്: ദക്ഷിണ സൗദിയില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഹൂതികളുടെ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. ചൊവ്വാഴ്ച രാവിലെയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വെടിവെച്ചിട്ടതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം നിരവധിപ്പേര്‍ യാത്ര ചെയ്യുന്ന അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. ദക്ഷിണ സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ ബോധപൂര്‍വമായ ആക്രമണം നടത്തുകയാണെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

പ്രവാസികളടക്കം വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേര്‍ ദിവസവും ആശ്രയിക്കുന്ന വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അല്‍ മാലികി പറഞ്ഞു. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഡ്രോണുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ സഖ്യസേനയ്ക്ക് കഴിഞ്ഞു. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ അറബ് സഖ്യസേന സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു. കഴിഞ്ഞയാഴ്ചയും സൗദിയിലെ വിവിധ പ്രദേശങ്ങള്‍ക്ക് നേരെ ഹൂതികളുടെ ആക്രമണം നടന്നിരുന്നു.