കൊറോണ വൈറസുമായി ബന്ധപ്പെട്ട ആഗോള സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് ജീവനക്കാരും പാര്‍ട്‍ണര്‍മാരും ഉപഭോക്താക്കളും അടക്കമുള്ള എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ദുബായ്: കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണ്‍ അവസാനത്തേക്ക് മാറ്റിയതായി സംഘാടകരായ റീഡ് ട്രാവല്‍ എക്സിബിഷന്‍സ് അറിയിച്ചു. ജൂണ്‍ 28 മുതല്‍ ജൂലൈ ഒന്നുവരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ വെച്ച് ട്രാവല്‍ മാര്‍ക്കറ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട ആഗോള സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് ജീവനക്കാരും പാര്‍ട്‍ണര്‍മാരും ഉപഭോക്താക്കളും അടക്കമുള്ള എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ്-19 ബാധ ലോകമെമ്പാടും പരക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായും യുഎഇ പബ്ലിക് ഹെല്‍ത്ത് അതോറ്റിയുമായും ആലോചിച്ചാണ് ഏപ്രില്‍ 19 മുതല്‍ 22 വരെ നടക്കേണ്ടിയിരുന്ന പരിപാടി മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും സമയം പുനഃക്രമീകരിക്കാനും പദ്ധതികളില്‍ മാറ്റം വരുത്താനുമാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് മാറ്റിവെയ്ക്കാനുള്ള തീരുമാനം കഴിയുന്നത്ര നേരത്തെ കൈക്കൊണ്ടത്.
കൊറോണയെ പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള കര്‍ശന സുരക്ഷാ നടപടികള്‍ യുഎഇ സ്വീകരിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ആസ്വദിക്കാനും പങ്കെടുക്കാനും പറ്റുന്നൊരു തീയ്യതിയിലേക്ക് പരിപാടി മാറ്റിവെയ്ക്കുന്നതാണ് നല്ലതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും അധികൃതര്‍ പറഞ്ഞു. യുഎഇ, ദുബായ് അധികൃതരുമായി ഇക്കാര്യത്തില്‍ ദിവസേനയെന്നോണം ബന്ധപ്പെടുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പുതിയ വിവരങ്ങള്‍ ലഭിക്കുന്നപക്ഷം അത് അറിയിക്കുമെന്നും അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് ഭാരവാഹികള്‍ അറിയിച്ചു.
