സംയുക്ത പുരാവസ്തു ദൗത്യ സംഘം കണ്ടെത്തിയ ഈ വാതിലിന് പിന്നിലെ വിശ്വാസങ്ങളും ഏറെ കൗതുകകരമാണ്.
കെയ്റോ: ഈജിപ്തിലെ സഖാറ നെക്രോപോളിസിലെ രാജാവ് യൂസർകാഫിന്‍റെ മകൻ പ്രിൻസ് വാസർ-ഇഫ്-റെയുടെ ശവകുടീരത്തിനുള്ളിൽ നിന്ന് സംയുക്ത പുരാവസ്തു ദൗത്യ സംഘം കണ്ടെത്തിയത് വര്‍ഷങ്ങള്‍ പഴക്കമുള്ള വാതില്‍. 4,000 വർഷം പഴക്കമുള്ള ഒരു വലിയ പിങ്ക് ഗ്രാനൈറ്റ് വാതിലാണ് സംഘം കുഴിച്ചെടുത്തതെന്ന് 'ദി മെട്രോ'യെ ഉദ്ധരിച്ച് 'എൻഡിടിവി' റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഈ വാതിലിന് മറ്റൊരു കൗതുകം കൂടിയുണ്ട്.
പുരാവസ്തു സംഘം കണ്ടെത്തിയ ഈ വലിയ വാതിൽ സത്യത്തില്‍ ഒരു വ്യാജ വാതിലാണെന്നാണ് കണ്ടെത്തല്‍. ഇത് ഒരിടത്തേക്കും നയിക്കുന്നില്ല. വെറുതെ സ്ഥാപിച്ചിരിക്കുന്ന ഒരു വാതിലാണ് ഇതെന്ന് സംഘം കണ്ടെത്തി. 14 അടി ഉയരമാണ് ഈ ഭീമൻ വാതിലിനുള്ളത്. ഈ വാതിലില്‍ രാജകുമാരന്‍റെ പേരുകളും സ്ഥാനപ്പേരുകളും രേഖപ്പെടുത്തിയ ചിത്രലിപികൾ ഉണ്ടായിരുന്നു. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് അനുസരിച്ച്, ഇത്തരം വ്യാജ വാതിലുകൾ ജീവിച്ചിരിക്കുന്നവർക്കും ഭൂമിക്ക് അടിയിലെ ലോകത്തിലുള്ളവര്‍ക്കും ഇടയിലുള്ള പ്രതീകാത്മക കവാടങ്ങളായിരുന്നു, ആത്മാക്കൾക്ക് സ്വതന്ത്രമായി കടന്നുപോകാൻ ഇത് അനുവദിച്ചിരുന്നതായും വിശ്വസിക്കപ്പെട്ടിരുന്നു.
എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ഈ വ്യാജ വാതിലിന് പുറമെ പിങ്ക് ഗ്രാനൈറ്റിൽ കൊത്തിയെടുത്ത പ്രതിമകൾ ഉൾക്കൊള്ളുന്ന 13 ഉയർന്ന പിൻഭാഗമുള്ള കസേരകൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കളുടെ ഒരു നിധിശേഖരവും ഗവേഷകര്‍ ഇവിടെ നിന്ന് കണ്ടെത്തി. ആചാര ബലിയെക്കുറിച്ച് വിവരിക്കുന്ന കൊത്തിയെടുത്ത വാചകങ്ങളുള്ള മേശയ്ക്കായി ചുവന്ന ഗ്രാനൈറ്റ് ഉപയോഗിച്ചതായും കണ്ടെത്തി.
ശവകുടീരത്തിനുള്ളില്‍ നിന്ന് ജോസർ രാജാവിന്‍റെയും ഭാര്യയുടെയും 10 പെൺമക്കളുടെയും പ്രതിമകൾ കണ്ടെത്തിയിട്ടുണ്ട്. ജോസറിന്റെ പിരമിഡിന് സമീപം ആദ്യം സൂക്ഷിച്ചിരുന്ന ഈ പ്രതിമകൾ അവസാന കാലഘട്ടത്തിൽ പ്രിൻസ് യൂസറെഫ്രെയുടെ ശവകുടീരത്തിലേക്ക് മാറ്റിയതാകാമെന്നാണ് പുരാവസ്തു ഗവേഷകനായ ഡോ. സാഹി ഹവാസ് വിശ്വസിക്കുന്നത്. 26-ാം രാജവംശത്തിന്റെ കാലഘട്ടത്തിലെ ഹൈറോഗ്ലിഫിക് ലിഖിതങ്ങൾ രേഖപ്പെടുത്തിയ, കൂറ്റൻ കറുത്ത ഗ്രാനൈറ്റിലുള്ള ഒരു മനുഷ്യന്‍റെ നിൽക്കുന്ന പ്രതിമയും ഇവിടെ നിന്ന് കണ്ടെടുത്തു.
പിങ്ക് ഗ്രാനൈറ്റില്‍ അലങ്കരിച്ച മറ്റൊരു പ്രവേശനകവാടവും സംഘം കണ്ടെത്തി. അലങ്കരിച്ച മറ്റൊരു പ്രവേശന കവാടവും സംഘം കണ്ടെത്തി. അതിൽ നെഫെറിർക്കറെ രാജാവിന്റെ ഒരു പുരാതന ആലേഖനവുമുണ്ട്. പിങ്ക് ഗ്രാനൈറ്റ് പ്രതിമകൾ സഖാറ പ്രദേശത്ത് മാത്രമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. 13 പ്രതിമകൾ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഉയർന്ന സ്ഥാനങ്ങളിലുള്ളവർ രാജകുമാരന്‍റെ ഭാര്യമാരാണെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. ശവകുടീരത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനും യൂസറെഫ്രെ രാജകുമാരനെക്കുറിച്ചും ജോസർ രാജാവിന്റെ പ്രതിമകൾ സ്ഥാപിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും മറ്റ് വിവരങ്ങൾ കണ്ടെത്തുന്നതിനുമായി പുരാവസ്തു ഗവേഷകർ സ്ഥലത്ത് തുടരും.


