തിരുവനന്തപുരം: മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികൾക്കായുളള നോർക്ക തുടങ്ങിയ ഓണ്‍ലന്‍ രജിസ്ട്രേഷന് വന്‍തിരക്ക്. വെബ്‍സൈറ്റ് പ്രവര്‍ത്തന സജ്ജമായി ആദ്യ മണിക്കൂറില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് പതിനായിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്.  ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങാനിരുന്ന രജിസിട്രേഷൻ സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് രജിസ്ട്രേഷന്‍ തുടങ്ങാനായത്.

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പ്രവാസി രജിസ്ട്രേഷനായുളള നോർക്ക വെബ്സൈറ്റ് പ്രവർത്തനക്ഷമമായത്. ഇന്നലെ അർദ്ധരാത്രി മുതൽ രജിസ്ട്രേഷൻ തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഉച്ചക്ക് ഒരു മണി മുതൽ തുടങ്ങുമെന്നായി പിന്നീടുളള വിശദീകരണം. വൈകുന്നേരത്തോടെയാണ് വെബ്‍സൈറ്റ് പ്രവര്‍ത്തന സജ്ജമായത്. www.registernorkaroots.org എന്ന വെബ്‍സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ. 

തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്ട്രേഷന്‍ നടത്തുന്നത്. ആദ്യം രജിസ്റ്റ‌ർ ചെയ്യുന്നവർക്ക് ആദ്യ പരിഗണന എന്നില്ല. അത് കൊണ്ട് ആരും തിരക്ക് കൂട്ടേണ്ടെന്ന് സർക്കാർ അറിയിക്കുന്നു. ഗർഭിണികൾ, പലതരം രോഗമുള്ളവർ , സന്ദർശക വിസയിൽ പോയവർ എന്നിവർക്കാണ് മുൻഗണന.വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷനും നോർക്ക ഉടൻ തുടങ്ങും.