റിയാദ് ജനറല്‍ കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. 2019 ഡിസംബര്‍ 18നാണ് അപകടം നടന്നത്. മറാത്തിലെത്തുന്നതിന് മുമ്പെയുള്ള വളവില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ടുള്ള സമയമായിരുന്നു. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. വലതു കാല്‍ പാദം മുറിഞ്ഞുപോയ സ്ഥിതിയില്‍ ബസില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു ഇദ്ദേഹം.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബസ് മറിഞ്ഞ് പരിക്കേറ്റ മലയാളിക്ക് 14 ലക്ഷത്തോളം രൂപ (75000 റിയാല്‍) നഷ്ടപരിഹാരം. രണ്ട് വര്‍ഷം മുമ്പ് സാപ്റ്റ്‌കോ ബസ് മറിഞ്ഞ് അപകടം പറ്റിയ കേസില്‍ ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്‍ ജോസഫിനാണ് ഇത്രയും തുക നഷ്ടപരിഹാരം ലഭിച്ചത്. റിയാദില്‍ നിന്ന് 230 കിലോമീറ്ററകലെ ദവാദ്മിയിലേക്ക് പോകുമ്പോള്‍ വഴി മധ്യേ മറാത്ത് പട്ടണത്തില്‍ വെച്ച് ബസ് മറിയുകയും അതേ തുടര്‍ന്ന് വലതുകാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു.

റിയാദ് ജനറല്‍ കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. 2019 ഡിസംബര്‍ 18നാണ് അപകടം നടന്നത്. മറാത്തിലെത്തുന്നതിന് മുമ്പെയുള്ള വളവില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ടുള്ള സമയമായിരുന്നു. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. വലതു കാല്‍ പാദം മുറിഞ്ഞുപോയ സ്ഥിതിയില്‍ ബസില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു ഇദ്ദേഹം. സീറ്റിന്റെ കമ്പികള്‍ക്കിടയില്‍ പെട്ടാണ് വലത് കാലിന്റെ മുന്‍ഭാഗം വിരലുകളടക്കം അറ്റുപോയത്. വലതുകാലിന് ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യനെ റെഡ്ക്രസന്റ് അധികൃതര്‍ ശഖ്‌റാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ 19 ദിവസത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മൂന്നു മാസത്തെ വിദഗ്ധ ചികിത്സക്ക് ശേഷം വലതു കാലിന്റെ ശേഷി വിണ്ടെടുക്കാനായി. കൃത്രിമ പ്രൊസ്‌തെസിസിന്റെ സഹായത്തോടെ അദ്ദേഹത്തിന് സാധാരണ രീതിയില്‍ നടക്കാന്‍ സാധിച്ചു. പിന്നീട് കോവിഡ് പ്രതിസന്ധിയില്‍ അന്താരാഷ്ട്രവിമാന വിലക്കുകള്‍ മൂലം 10 മാസത്തോളം നാട്ടില്‍തന്നെ തുടര്‍ന്നു. ശേഷം റിയാദിലെത്തി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ അപകടം കാരണമുള്ള നഷ്ടപരിഹാരത്തുക സംബന്ധിച്ച് യാതൊരു അറിവുമില്ലായിരുന്ന ഇദ്ദേഹം സുഹൃത്ത് വഴി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരുമായി ബന്ധപ്പെടുകയായിരുന്നു.

നഷ്ടപരിഹാരം എങ്ങനെ ലഭിക്കണമെന്നതിനെ കുറിച്ച് സിദ്ദീഖ് വിശദമായി ഇദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. അതു പ്രകാരം മറ്റൊരു സുഹൃത്ത് വഴി കേസ് കോടതിയില്‍ ഫയല്‍ ചെയ്തു. കേസുമായി ബന്ധപ്പെട്ട് റിയാദ് കോടതിയിലും മറാത്ത് പോലീസ് സ്റ്റേഷനിലും കോടതിയിലും നിരവധി പ്രാവശ്യം കയറിയിറങ്ങി. ഓരോ ഘട്ടത്തിലും സിദ്ദീഖിന്റെ സഹായവും ഉണ്ടായിരുന്നു. ഒടുവില്‍ നഷ്ടപരിഹാരമായി സാപ്റ്റ്‌കോ കമ്പനി 75000 റിയാല്‍ നല്‍കാന്‍ കോടതി വിധിച്ചു. കഴിഞ്ഞ ദിവസം പണം ലഭിക്കുകയും ചെയ്തു.