ലോകമുസ്‌ലിംകളുടെ പ്രതിനിധികളായാണ് 160 ൽപരം രാജ്യങ്ങളിൽനിന്ന് ഇത്രയും തീർഥാടക ലക്ഷങ്ങൾ ഹജ്ജിൽ പങ്കെടുക്കുന്നത്. ചൊവ്വാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. തിങ്കളാഴ്ച രാത്രി മുതൽ തന്നെ അറഫയിലേക്ക് തീർഥാടകർ നീങ്ങി തുടങ്ങും.
റിയാദ്: ഹജ്ജ് കർമങ്ങൾക്കായി തീർഥാടകർ മിനായിലെത്തി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ‘ദൈവത്തിന്റെ വിളിക്കുത്തരം നൽകുന്നു’ എന്ന അർഥമുള്ള ‘ലബൈക്’ മന്ത്രങ്ങളുമായാണ് 20 ലക്ഷത്തോളം തൂവെള്ള വസ്ത്രധാരികൾ പുണ്യ താഴ്വരയിൽ വന്നണഞ്ഞത്. ഞാറാഴ്ച രാത്രി മുതൽ തന്നെ തീർഥാടകർ മിന ലക്ഷ്യമാക്കി ഒഴുകി തുടങ്ങിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തീർഥാടകരുടെ വരവ് പൂർണമായി. മഹാമാരിയുടെ പരിമിതികളും നിയന്ത്രണങ്ങളും എല്ലാം വിട്ടകന്ന ഇത്തവണ മിനാ താഴ്വരം ഹാജിമാരാൽ പൂർണമായും നിറഞ്ഞു. ലോകമുസ്‌ലിംകളുടെ പ്രതിനിധികളായാണ് 160 ൽപരം രാജ്യങ്ങളിൽനിന്ന് ഇത്രയും തീർഥാടക ലക്ഷങ്ങൾ ഹജ്ജിൽ പങ്കെടുക്കുന്നത്. ചൊവ്വാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. തിങ്കളാഴ്ച രാത്രി മുതൽ തന്നെ അറഫയിലേക്ക് തീർഥാടകർ നീങ്ങി തുടങ്ങും.
മിനായിൽ തീർഥാടകർക്ക് പ്രത്യേക കർമങ്ങളൊന്നും ഇല്ല. ഹജ്ജിലെ പരമപ്രധാനമായ അറഫാ സമ്മേളനത്തിന് മനസും ശരീരവും പാകപ്പെടുത്തി ഒരുങ്ങുക മാത്രമാണ് മിനായിൽ ഹാജിമാർ നിർവഹിക്കുന്നത്. അഞ്ചു നേരത്തെ നമസ്‍കാരങ്ങൾ തമ്പുകളിൽ സമയത്തു നിർവഹിച്ചു. നാലു നാൾ തീർഥാടകരുടെ താമസം മിനായിലാണ്. ഹജ്ജിന്റെ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണ് ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരം എന്നറിയപ്പെടുന്ന മിനാ താഴ്വാരം. ദുൽഹജ്ജ് 13 വരെ ഈ താഴ്വാരം ഭക്തരാൽ പ്രാർഥനാമുഖരിതമാകും. മിനായിൽ തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മലഞ്ചെരുവിലെ പാർപ്പിട ഗോപുരങ്ങളായ ആറ് ‘അബ്റാജ് മിനാ’ കെട്ടിടങ്ങളിലും കിദാന കമ്പനി ഒരുക്കിയ തമ്പുകളിലുമാണ് ആഭ്യന്തര തീർഥാടകർക്ക് താമസം ഒരുക്കിയിട്ടുള്ളത്.
ഇന്ത്യയിൽ നിന്നെത്തിയ ഒന്നേമുക്കാൽ ലക്ഷം തീർഥാടകരും ഹജ്ജിൽ പങ്കെടുക്കുന്നുണ്ട്. ഇവർക്ക് മിനായിൽ ഇന്ത്യൻ ‘പിൽഗ്രിം അസിറ്റൻസ് സെന്റർ’ എന്ന പേരിൽ ഓഫീസും പ്രവർത്തിക്കുന്നുണ്ട്. ചികിത്സ കേന്ദ്രങ്ങൾ, ഇൻഫർമേഷൻ ഡെസ്ക് എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഞായറാഴ്ച വെകീട്ട് മുതലാണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖാന്തിരം എത്തിയ തീർഥാടകർ മിനയിലേക്ക് എത്തിത്തുടങ്ങിയത്.
ശക്തമായ ചൂടാണ് ഇത്തവണ ഹജ്ജ് ദിനങ്ങളിൽ ഉണ്ടാവുകയെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് അതിനെ പ്രതിരോധിക്കാൻ പ്രത്യേക സംവിധാനങ്ങൾ പുണ്യകേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മുൻകരുതലുകൾ നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളുണ്ട്. മിനായിൽ ഹജ് സർവിസ് കമ്പനികൾ മൂന്നുനേരം ഭക്ഷണം തയ്യാറാക്കി തീർഥാടകർക്ക് നൽകും. അതിനായി വിപുലമായ അടുക്കള സൗകര്യത്തോട് കൂടിയ ഇരുനില കെട്ടിടങ്ങൾ മിനായിലെ ഓരോ തമ്പുകൾക്കിടയിലും ഒരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച പ്രാർഥനകളോടെ മിനായിൽ തങ്ങുന്ന ഹാജിമാർ മുഴുവൻ ചൊവ്വാഴ്ച ഉച്ചക്ക് മുമ്പായി അറഫയിൽ എത്തിച്ചേരും. രോഗികളായി ആശുപത്രികളിൽ കഴിയുന്ന തീർഥാടകരെ ആംബുലൻസുകളിലും എയർ ആംബുലൻസുകളിലും അറഫയിൽ എത്തിക്കും. മദീനയിൽ നിന്നുള്ള രോഗികളെ നേരത്തെ മക്കയിലെ ആശുപത്രികളിൽ എത്തിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
